'എന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു എന്നു സംശയിക്കുന്നു. ആര്‍ക്കെങ്കിലും എന്റേതായി എന്തെങ്കിലും മെസേജുകള്‍ വന്നാല്‍ അത് ഞാന്‍ അയച്ചതാണെന്നു തെറ്റിദ്ധരിക്കുകയും അവയില്‍ ക്ലിക്ക് ചെയ്യുകയും അരുത്'. ഇത്തരത്തിലുള്ള സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍ ഇപ്പോള്‍ ഫെയ്‌സ്ബുക്കില്‍ സര്‍വസാധാരണം.

പലര്‍ക്കും തങ്ങളുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടോ എന്നു തന്നെ തിരിച്ചറിയാനാവുന്നില്ല. തന്റേതല്ലാത്ത സന്ദേശമോ സ്റ്റാറ്റസ് അപ്‌ഡേറ്റോ ഫെയ്‌സ്ബുക്കില്‍ കണ്ടാല്‍ ഉടന്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു അല്ലെങ്കില്‍ നഷ്ടപ്പെട്ടു എന്ന് വിശ്വസിച്ച് അക്കൗണ്ടുതന്നെ നീക്കം ചെയ്ത് 'ഫേസ്ബുക്ക് ആത്മഹത്യ' അനുഷ്ഠിക്കുന്നവരും കുറവല്ല! 'എലിയെ പേടിച്ച് ഇല്ലം ചുടുക', 'പട്ടിയെ പേടിച്ച് വഴിനടത്താതിരിക്കുക' എന്നൊക്കെ കേട്ടിട്ടില്ലേ, അതുപോല തന്നെ ഈ സംഗതിയും!
 

ഫെയ്‌സ്ബുക്ക് അക്കൗണ്ട് വിവരങ്ങളുടെ വിപണി മൂല്ല്യം: 
നമ്മളില്‍ പലരും കണക്കാക്കുന്നതിലും എത്രയോ വലുതാണ് ഇന്റര്‍നെറ്റിലൂടെ ശേഖരിക്കപ്പെടുന്ന സ്വകാര്യ വിവരങ്ങളുടെ വിപണി മൂല്യം. ജനനതീയതി, ഈമെയില്‍ വിലാസങ്ങള്‍, മൊബൈല്‍ നമ്പറുകള്‍, മേല്‍വിലാസം, വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ തുടങ്ങി അനേകം വ്യക്ത്യാധിഷ്ഠിത വിവരങ്ങള്‍ അക്കൗണ്ടുകളില്‍ നുഴഞ്ഞു കയറി ശേഖരിക്കാവുന്നതാണ്. പ്രത്യേകം തയ്യാറാക്കിയ സ്‌ക്രിപ്റ്റുകളും അപ്ലിക്കേഷനുകളും ഈ ജോലി എളുപ്പമാക്കുന്നു. ഇത്തരത്തില്‍ ശേഖരിക്കുന്ന വിവരങ്ങള്‍ പല രീതിയില്‍ ഉപയോഗപ്പെടുത്തുന്നു.

വ്യക്തിപരമായ രഹസ്യങ്ങള്‍ വളരെ കൃത്യമായി മനസിലാക്കുകവഴി ഫിഷിങ് പോലെയുള്ള നീചമാര്‍ഗങ്ങള്‍ ഉപയോഗിച്ച്, ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പോലെയുള്ളവ കൂടുതല്‍ കാര്യക്ഷമമായി ചോര്‍ത്തിയെടുക്കാന്‍ സാധിക്കുന്നു. 


വിവിധ ഇന്റര്‍നെറ്റ് അക്കൗണ്ടുകള്‍ക്ക് പൊതുപാസ്‌വേഡുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുതലാണ്. അത്തരക്കാരുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലേക്കുള്ള കടന്നുകയറ്റം പാസ്‌വേഡ് ചോര്‍ത്തിയെടുത്താണെങ്കില്‍, അതൊരു ഹാക്കര്‍ക്ക് കൂടുതല്‍ സാധ്യതകള്‍ നല്‍കുന്നു. 


ആയിരം സുഹൃത്തുക്കളുള്ള ഒരാളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലേക്ക് കടന്നുകയറുന്ന ഒരു ഹാക്കര്‍ക്ക്, സൗഹൃദം മുതലെടുത്ത് പ്രസ്തുത ഉപയോക്താവിന്റെ സുഹൃത്തുക്കളുടെ വിവരങ്ങളിലേക്കും എളുപ്പത്തില്‍ കടന്നുകയറാം. മാതാപിതാക്കളുടെ അക്കൗണ്ടുകളിലേക്ക് കടന്നുകയറാന്‍ ഹാക്കര്‍മാര്‍ പലപ്പോഴും, സുരക്ഷാകാര്യങ്ങളില്‍ അവബോധമില്ലാത്ത കുട്ടികളുടെ അക്കൗണ്ടുകള്‍ കരുവാക്കാറുണ്ട്.
 

ബിസിനസ് ആവശ്യങ്ങള്‍ക്കായി: 
കോര്‍പ്പറേറ്റ് രഹസ്യങ്ങള്‍ ചോര്‍ത്തുന്നതിന് ഫെയ്‌സ്ബുക്ക് പോലുള്ള സൗഹൃദക്കൂട്ടായ്മകള്‍ പരക്കെ ഉപയോഗിക്കപ്പെടുന്നു. അതു കൊണ്ടുതന്നെ വ്യാവസായിക അന്തരീക്ഷത്തില്‍ ഈ അടുത്തകാലത്തായി സൗഹൃദക്കൂട്ടായ്മകള്‍ക്ക് കര്‍ക്കശ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒരേ സ്ഥാപനത്തിലെ ഒരു ജീവനക്കാരന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലേക്കുള്ള കടന്നുകയറ്റം, പ്രസ്തുത സ്ഥാപനത്തിന്റെ ഘടനയെക്കുറിച്ചും പദ്ധതികളെക്കുറിച്ചും മറ്റു ജീവനക്കാരെക്കുറിച്ചുമുള്ള വ്യക്തമായ ചിത്രം തയ്യാറാക്കാന്‍ സഹായിച്ചേക്കാം. ഇതിന്റെ വിപണിമൂല്യം വലുതാണ്.

സൈനിക ആവശ്യങ്ങള്‍ക്കായി:
 ഇന്ത്യയുള്‍പ്പടെ പല രാജ്യങ്ങളിലും സൈനികര്‍ക്ക് ഫെയ്‌സ്ബുക്ക് പോലുള്ള സൗഹൃദക്കൂട്ടായ്മകള്‍ വിലക്കപ്പെട്ടതാണ്. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സൈനികരുടെ അക്കൗണ്ടുകളിലൂടെ വിദഗ്ദമായി ചോര്‍ത്തിയെടുക്കപ്പെട്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

രാഷ്ട്രീയ പ്രമുഖര്‍, മറ്റ് പ്രശസ്തര്‍ തുടങ്ങിയവരുടെ സെലിബ്രിറ്റി അക്കൗണ്ടുകളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ വിപണിമൂല്യവും വളരെ വലുതാണ്. സെലിബ്രിറ്റി അക്കൗണ്ടുകള്‍ മോഷ്ടിച്ച് വിലപേശി പണം തട്ടിയ സംഭവങ്ങളും ഇല്ലാതില്ല.
 

നമ്മുടെ കൊച്ചു കേരളത്തിലും വിവാഹപൂര്‍വ ബന്ധങ്ങളും വിവാഹേതര ബന്ധങ്ങളും കണ്ടെത്താന്‍ സ്വകാര്യ കുറ്റാന്വേഷണഏജന്‍സികളെ സമീപിക്കുന്നവര്‍ കുറവല്ല. ഇത്തരം ഏജന്‍സികള്‍ക്കാകട്ടെ, വിവരങ്ങള്‍ ചോര്‍ത്താന്‍ ഏറ്റവും എളുപ്പത്തില്‍ ഉപയോഗിക്കുന്ന മാര്‍ഗം ഓണ്‍ലൈന്‍ സൗഹൃദക്കൂട്ടായ്മകളിലേക്കുള്ള കടന്നുകയറ്റമാണ്! 


കടന്നുകയറ്റം എങ്ങിനെ ഒഴിവാക്കാം

വാഹനം ഏതായാലും പാലിക്കേണ്ട പൊതുവായ ചില റോഡ്‌സുരക്ഷാ നിയമങ്ങളെപ്പോലെ, ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ പൊതുവായ ചില മുന്‍കരുതലുകള്‍ കൂടിയേ തീരൂ. ഈമെയില്‍, ഇന്റര്‍നെറ്റ് ബാങ്കിങ് തുടങ്ങി ഏതൊരു ഓണ്‍ലൈന്‍ അക്കൗണ്ടിനും ബാധകമായ പൊതുസുരക്ഷാ മുന്‍കരുതലുകള്‍ തന്നെയാണ്, ഫെയ്‌സ്ബുക്ക് സുരക്ഷയുടെ കാര്യത്തിലും പ്രധാനം. കോടാനുകോടി സജീവാംഗങ്ങളുള്ള, ഏറ്റവും പ്രചാരമുള്ള സൗഹൃദക്കൂട്ടായ്മ എന്ന നിലയ്ക്ക് ഫെയ്‌സ്ബുക്ക് സൈബര്‍ ക്രിമിനലുകളുടെയും പ്രിയ സങ്കേതമാണ്. കമ്പ്യൂട്ടറുകളിലെയും ഫെയ്‌സ്ബുക്ക് സുരക്ഷാ പഴുതുകളിലെയും അധികം ചൂഷണം ചെയ്യപ്പെടുന്നത് ഉപയോക്താക്കളുടെ അജ്ഞതയും അശ്രദ്ധയുമാണ്.

ഇന്റര്‍നെറ്റില്‍ സര്‍വസാധാരണമായ നുഴഞ്ഞുകയറ്റങ്ങള്‍ പൂര്‍ണമായും തടയുക അസാധ്യമാണെങ്കിലും, ഫെയ്‌സ്ബുക്ക് നല്‍കുന്ന സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചുള്ള അറിവും അല്‍പ്പം ശ്രദ്ധയുമുണ്ടെങ്കില്‍ നിങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് സുരക്ഷിതമായി നിലനിര്‍ത്താം. അതിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ചുവടെ-
 

ഫെയ്‌സ്ബുക്കില്‍നിന്ന് ലോഗോഫ് ചെയ്യുക

ഉപയോഗിക്കാതിരിക്കുമ്പോള്‍ ഫെയ്‌സ്ബുക്കില്‍നിന്ന് ലോഗൗട്ട് ചെയ്യുന്നത് അക്കൗണ്ട് സുരക്ഷയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. ഒരേ മുറിയില്‍ താമസിക്കുന്നവര്‍, സഹപാഠികള്‍, ഒന്നിച്ചു ജോലി ചെയ്യുന്നവര്‍, കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍ തുടങ്ങിയവരിലുള്ള പരസ്പരവിശ്വാസം പലപ്പോഴും ചൂഷണം ചെയ്യപ്പെടാറുണ്ട്. നിങ്ങളുടെ സ്വന്തം കമ്പ്യൂട്ടറായാലും ഉപയോഗിക്കുന്നില്ലെങ്കില്‍ 'ലോഗോഫ്' ചെയ്യുന്നത് നല്ല ശീലമാണ്. 

പേഴ്‌സണല്‍ കമ്പ്യൂട്ടറുകളില്‍ സാധാരണയായി നാമെല്ലാവരും ലോഗിന്‍ ചെയ്യല്‍ എളുപ്പമാക്കാന്‍ പാസ്‌വേഡ് ശേഖരിച്ചു വെയ്ക്കാറുണ്ട്. ഇതും പലപ്പോഴും വിശ്വാസമുള്ളവര്‍ ചൂഷണം ചെയ്യാറുണ്ട്. അതിനാല്‍ നല്ലൊരു പാസ്‌വേഡ് മാനേജര്‍ സോഫ്റ്റ്‌വേര്‍ ഉപയോഗിക്കുകയും പാസ്‌വേഡുകള്‍ ഒരു മാസ്റ്റര്‍ പാസ്‌വേഡ് ഉപയോഗിച്ച് സുരക്ഷിതമാക്കുകയും ചെയ്യേണ്ടത് അത്യാവശ്യം തന്നെ.

എളുപ്പം ഊഹിക്കാവുന്ന ഫേസ്ബുക്ക് /ഈമെയില്‍ പാസ്‌വേഡുകള്‍

മിക്കവാറും എല്ലാവരും ഇക്കാലത്ത് ശക്തമായ പാസ്‌വേഡിന്റെ ആവശ്യകതയെക്കുറിച്ച് ബോധവാന്മാരാണെങ്കിലും, അശ്രദ്ധ മൂലവും എളുപ്പം ഓര്‍ത്തിരിക്കാന്‍ വേണ്ടിയും ലളിതമായ പാസ്‌വേഡുകളാണ് ഉപയോഗിക്കാറ്. മാത്രമല്ല പല അക്കൗണ്ടുകള്‍ക്കും പൊതുവായ ഒരു പാസ്‌വേഡ് ഉപയോഗിക്കുന്നു. ഇത് ഹാക്കര്‍മാരുടെ ജോലി എളുപ്പമാകുന്നു. അതിനാല്‍ ചുരുങ്ങിയത് നിങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിനും അക്കൗണ്ടുമായി ബന്ധപ്പെട്ട ഈമെയിലിനും വ്യത്യസ്തവും സങ്കീര്‍ണവുമായ പാസ്‌വേഡുകള്‍ ഉപയോഗിക്കുക. ഫെയ്‌സ്ബുക്ക് അക്കൗണ്ടിനു കൊടുക്കുന്ന അതേ ശ്രദ്ധയും കരുതലും ഫെയ്‌സ്ബുക്കുമായി ബന്ധപ്പെട്ട ഈമെയില്‍ അക്കൗണ്ടിനും നല്‍കേണ്ടതാണ്.

ഈമെയില്‍ ഹാക്കിങ് തടയാന്‍ അക്കൗണ്ട് മൊബൈല്‍ ഫോണുമായി ബന്ധപ്പെടുത്തുന്ന ടു സ്റ്റെപ്പ് ഓതന്റിക്കേഷന്‍ നിര്‍ബന്ധമായും ആക്ടിവേറ്റ് ചെയ്യുക. (ജിമെയില്‍ ടു സ്റ്റെപ്പ് വെരിഫിക്കേഷനെക്കുറിച്ചുള്ള വിവരങ്ങള്‍ 
ഇവിടെ വായിക്കാം)

മാത്രമല്ല, ഇടയ്ക്കിടെ പാസ്‌വേഡുകള്‍ മാറ്റാനും ശ്രദ്ധിക്കുക. ഓര്‍ത്തുവെയ്ക്കാന്‍ എളുപ്പമുള്ള നല്ലൊരു പാസ്‌വേഡ് എങ്ങനെ തിരഞ്ഞെടുക്കാം എന്നറിയാന്‍ 
ഈ ലേഖനം കാണുക.

ഫെയ്‌സ്ബുക്ക് അപ്ലിക്കേഷനുകളുടെ വികൃതികള്‍

പലരും ഫെയ്‌സ്ബുക്ക് ആപ്ലിക്കേഷനുകളുടെ വികൃതികള്‍ കണ്ട് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി തെറ്റിദ്ധരിക്കാറുണ്ട്. ഫെയ്‌സ്ബുക്ക് അപ്ലിക്കേഷനുകളിലെല്ലാം ഒളിഞ്ഞോ തെളിഞ്ഞോ ഉള്ള ബിസിനസ് ലക്ഷ്യങ്ങളുണ്ട്. നേരായ വഴിക്ക് ഒരു ഫെയ്‌സ്ബുക്ക് അപ്ലിക്കേഷന്‍ വേഗം വിജയിപ്പിച്ചെടുക്കാന്‍ അല്‍പ്പം പണിപ്പെടേണ്ടതുണ്ട്. ചില ക്ഷുദ്രപ്രോഗ്രാമുകളുടെ മേന്‍പൊടി ഇത്തരം അപ്ലിക്കേഷനുകളില്‍ ചേര്‍ത്താല്‍, ചുരുങ്ങിയ സമയംകൊണ്ട് കൂടുതല്‍ പേരിലേക്ക് എത്തിക്കാനാകും.

ഫെയ്‌സ്ബുക്ക് അപ്ലിക്കേഷനുകള്‍ ഹോസ്റ്റ് ചെയ്യാന്‍ വെബ് സെര്‍വറുകള്‍ ആവശ്യമാണ്. അതാകട്ടെ അത്യാവശ്യം പണച്ചിലവുള്ളതും. ഓര്‍മ്മിക്കുക, ഏത് അപ്ലിക്കേഷന്റെ പിറകിലും ഏതെങ്കിലും തരത്തിലുള്ള ബിസിനസ് ലക്ഷ്യം ഉണ്ടായിരിക്കും.
 

അപ്ലിക്കേഷനുകള്‍ ഫെയ്‌സ്ബുക്കില്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍, പ്രസ്തുത അപ്ലിക്കേഷന്‍ നിങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍നിന്ന് എന്തെല്ലാം വിവരങ്ങള്‍ ശേഖരിക്കുന്നു, അപ്ലിക്കേഷന്റെ സ്വഭാവ വിശേഷങ്ങള്‍ എന്തെല്ലാം തുടങ്ങിയ കാര്യങ്ങള്‍ വളരെ വ്യക്തമായിത്തന്നെ മുന്നറിയിപ്പു നല്‍കാറുണ്ട്. പക്ഷേ, പെട്ടന്നു 'ഫലം' കാണാനുള്ള ആകാംക്ഷയില്‍ മുന്നറിയിപ്പുകളെയെല്ലാം അവഗണിച്ച് 'നെക്സ്റ്റ്' ..'നെക്സ്റ്റ്' ക്ലിക്ക് ചെയ്ത് മുന്നേറുന്നവരാണ് കെണിയില്‍ പെടാറുള്ളത്. 


ഫെയ്‌സ്ബുക്ക് നല്‍കാത്ത പല ഫീച്ചറുകളും വാഗ്ദാനംചെയ്ത് ഉപയോക്താക്കളെ കെണിയില്‍ വീഴുത്തുന്ന വ്യാജഅപ്ലിക്കേഷനുകളും കുറവല്ല. അത്തരത്തില്‍ വളരെ പ്രചാരത്തിലുള്ള ഒരു സ്പാംഅപ്ലിക്കേഷനാണ് 'ഫേസ്ബുക്ക് പ്രൊഫൈല്‍ വ്യൂവര്‍'. അതായത് നിങ്ങളുടെ പ്രൊഫൈല്‍ എത്രപേര്‍ കണ്ടു എന്ന് മനസിലാക്കാന്‍ സഹായിക്കുന്ന ഒരു അപ്ലിക്കേഷന്‍.


ഫെയ്‌സ്ബുക്കിലെ നിലവിലുള്ള സൗകര്യങ്ങള്‍ ഉപയോഗിച്ച് നിങ്ങളുടെ പ്രൊഫൈല്‍ എത്രപേര്‍ കണ്ടു എന്ന് മനസ്സിലാക്കാന്‍ യാതൊരു മാര്‍ഗവും ഇല്ല. ഫെയ്‌സ്ബുക്ക് എ പി ഐ ഇത്തരത്തിലുള്ള ഒരു അപ്ലിക്കേഷന്‍ തയ്യാറാക്കാന്‍ വിവരങ്ങള്‍ നല്‍കുന്നുമില്ല. ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ വ്യൂവര്‍ അപ്ലിക്കേഷനുകളെപ്പോലെ ഇന്‍സ്റ്റാള്‍ ചെയ്താലുടന്‍ ഏതെങ്കിലും കുറച്ച് ഫെയ്‌സ്ബുക്ക് പ്രൊഫൈലുകള്‍ (നിങ്ങളുടെ സുഹൃത്തുക്കളുടേയോ അവരുടെ സുഹൃത്തുക്കളുടേയോ അതോ മറ്റാരുടേയെങ്കിലുമോ) ദൃശ്യമാക്കുന്നു. യഥാര്‍ത്ഥത്തില്‍ ഈ അപ്ലിക്കേഷന്‍ നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുകയും, നിങ്ങളറിയാതെ സ്റ്റാറ്റസ് അപ്‌ഡേറ്റ് ആയി സുഹൃത്തുക്കളിലേക്ക് പാഴ്‌സന്ദേശങ്ങള്‍ എത്തിക്കുകയുമാണ് ചെയ്യുന്നത്.

ഏറ്റവും കൂടുതല്‍ വിമര്‍ശം ഏറ്റുവാങ്ങിയ ഒരു മുഖംമിനുക്കല്‍ ആയിരുന്നു 
'ഫെയ്‌സ്ബുക്ക് ടൈംലൈന്‍'. ചിരപരിചിതമായ ഫെയ്‌സ്ബുക്ക് പ്രൊഫൈലിന്റെ മുഖം മാറ്റം മിക്കവര്‍ക്കും ഒട്ടുംതന്നെ ദഹിച്ചില്ല. ഈ അവസരവും സ്പാമര്‍മാര്‍ വിദഗ്ധമായി ഉപയോഗിച്ചു. ഫെയ്‌സ്ബുക്ക് ടൈം ലൈന്‍ മാറ്റി പ്രൊഫൈല്‍ പഴയ രീതിയിലാക്കാം എന്നു വാഗ്ദാനം ചെയ്ത അനേകം സ്പാംഅപ്ലിക്കേഷനുകളും ബ്രൗസര്‍ എക്സ്റ്റന്‍ഷനുകളും പ്രോഗ്രാമുകളും ഇറങ്ങി. ഇവയില്‍ മിക്കവയും ദുഷ്ടലാക്കോടുകൂടിയവ ആയിരുന്നു.


ഫെയ്‌സ്ബുക്ക് ഓപ്പണ്‍ ഗ്രാഫ് എന്ന ഫീച്ചര്‍ ഉപയോഗപ്പെടുത്തി തയ്യാറാക്കുന്ന ചില അപ്ലിക്കേഷനുകള്‍ ഇപ്പോള്‍ പല വാര്‍ത്താധിഷ്ഠിത പോര്‍ട്ടലുകളും ഉപയോഗിക്കാറുണ്ട്. അതായത് പ്രസ്തുത സൈറ്റില്‍ നിന്നുള്ള വാര്‍ത്തകള്‍ വായിക്കാന്‍ ഒരു ഫെയ്‌സ്ബുക്ക് അപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. 'സോഷ്യല്‍ റീഡര്‍' എന്ന ഓമനപ്പേരിട്ടിരിക്കുന്ന ഈ അപ്ലിക്കേഷന്‍, നിങ്ങള്‍ പ്രസ്തുത അപ്ലിക്കേഷനിലൂടെ വായിച്ച വാര്‍ത്തയും ആസ്വദിച്ച വീഡിയോയും സംബന്ധിച്ച വിവരങ്ങള്‍ നിങ്ങളുടെ തന്നെ ഫെയ്‌സ്ബുക്ക് ചുവരില്‍ നിങ്ങളറിയാതെ പരസ്യപ്പെടുത്തുന്നു. ഇവ ന്യൂസ്ഫീഡ് ആയി സുഹൃത്തുക്കളിലേക്ക് എത്തുന്നു.

ഇത്തരത്തില്‍ കുപ്രസിദ്ധമായ മറ്റൊരു ഫെയ്‌സ്ബുക്ക് അപ്ലിക്കേഷനാണ് 'സോഷ്യല്‍ കാം'. സോഷ്യല്‍ കാമിനെപ്പോലെയുള്ള ഫെയ്‌സ്ബുക്ക് അപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന അവസരത്തില്‍ കാണാന്‍ കഴിയുന്ന മുന്നറിയിപ്പ് ശ്രദ്ധിക്കുക.


ഇവിടെ ഫെയ്‌സ്ബുക്ക് വ്യക്തമായി നല്‍കുന്ന മുന്നറിയിപ്പുകള്‍ :
 ഈ അപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിലൂടെ നിങ്ങള്‍ നല്‍കുന്ന അനുവാദങ്ങള്‍ : നിങ്ങള്‍ക്കു വേണ്ടി അഥവാ നിങ്ങളായിത്തന്നെ സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍ നടത്താനുള്ള അനുവാദം!

നിങ്ങള്‍ അപ്ലിക്കേഷന്‍ ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോഴും അല്ലാത്തപ്പോഴും നിങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള അനുവാദം. 


അപ്ലിക്കേഷനുകള്‍ക്ക് ഇത്തരം ഒരു 
'പവര്‍ ഓഫ് അറ്റോണി' കണ്ണടച്ച് നല്‍കിയാല്‍ അതിന്റെ പ്രത്യാഘാതം വലുതായിരിക്കും.

കൃത്യമായ ലക്ഷ്യങ്ങളോടെ തയ്യാറാക്കപ്പെടുന്ന ചില സ്പാം അപ്ലിക്കേഷനുകള്‍ തികച്ചും മാന്യമായ രീതിയിലായിരിക്കും പ്രവര്‍ത്തനം തുടങ്ങുക. ആട്ടിന്‍തോലിട്ട ചെന്നായെപ്പോലെ. പിന്നീട് സാഹചര്യങ്ങള്‍ മുതലെടുത്ത് നിങ്ങളറിയാതെ നിങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് പാഴ്‌സന്ദേശങ്ങള്‍ പടര്‍ത്താന്‍ ഉപയോഗിക്കുന്നു.
 

സ്പാം അപ്ലിക്കേഷനുകള്‍ എങ്ങിനെയെല്ലാം ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്നു?

1. ഉപയോക്താവിന്റെ പൂര്‍ണ സമ്മതത്തോടെ - മിക്കവാറും സൈറ്റുകളെല്ലാം തങ്ങളുടെ സൈറ്റിന്റെ പ്രചാരം കൂട്ടാന്‍ ഫെയ്‌സ്ബുക്ക് അപ്ലിക്കേഷനുകള്‍ ഉപയോഗിക്കാറുണ്ട്. ചില സൈറ്റുകളില്‍ കമന്റു ചെയ്യുന്നതിനും അംഗത്വമെടുക്കുന്നതിനും ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉപയോഗിക്കാവുന്നതാണ്. ഇങ്ങനെ പ്രവേശിക്കുന്നതിലൂടെ പരോക്ഷമായി പ്രസ്തുത സൈറ്റിന്റെ ഫെയ്‌സ്ബുക്ക് അപ്ലിക്കേഷന്‍ നിങ്ങള്‍ സ്വന്തം ഫെയ്‌സ്ബുക്ക് അക്കൗണ്ടിലേക്ക് ചേര്‍ക്കുകയാണ് ചെയ്യുന്നത്. അതായത് വിശ്വാസയോഗ്യമല്ലാത്ത സൈറ്റുകളില്‍ ഫെയ്‌സ്ബുക്ക് ഉപയോഗിച്ച് അംഗത്വമെടുക്കുന്നത് അഭികാമ്യമല്ല. മാത്രമല്ല, പ്രസ്തുത അപ്ലിക്കേഷന് എന്തെല്ലാം അനുവാദങ്ങളാണ് നിങ്ങള്‍ നല്‍കുന്നതെന്ന് പരിശോധിക്കുകയും ചെയ്യുക.

2. സോഷ്യല്‍ എഞ്ചിനീയറിങ് വഴി -
 എന്താണ് സോഷ്യല്‍ എഞ്ചിനീയറിങ്? പ്രത്യേകിച്ച് സാങ്കേതിക വിദ്യകളൊന്നും ഉപയോഗിക്കാതെ ആശയ വിനിമയത്തിലൂടെ വിശ്വാസ്യതയാര്‍ജിച്ചും ദൗര്‍ബല്യങ്ങള്‍ മുതലെടുത്തും രഹസ്യങ്ങള്‍ ചോര്‍ത്തുന്ന വിദ്യയെയാണ് ഇന്റര്‍നെറ്റ് സുരക്ഷയുമായി ബന്ധപ്പെടുത്തി 'സോഷ്യല്‍ എഞ്ചിനീയറിങ്' എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. വൈറസുകളുടെയും മറ്റു ക്ഷുദ്രപ്രോഗ്രാമുകളുടെയും ചരിത്രം പരിശോധിച്ചാല്‍ മനസിലാകുന്നത് സോഷ്യല്‍ എഞ്ചിനീയറിങ് ആണ് സൈബര്‍ അക്രമണങ്ങള്‍ക്ക് ഏറ്റവുമധികം ഉപയോഗിച്ചിട്ടുള്ളതും ഉപയോഗിച്ചുകൊണ്ടിരിക്കുന്നതുമായ വിദ്യ എന്നാണ്. അതായത് കമ്പ്യൂട്ടറിലെ ആന്റിവൈറസ് പ്രോഗ്രാമിനെ കബളിപ്പിക്കുന്നതിലും വളരെ എളുപ്പമാണ് കമ്പ്യൂട്ടര്‍ ഉപയോക്താവിനെ കബളിപ്പിക്കാന്‍.

ആദ്യകാലങ്ങളില്‍ ഈമെയില്‍ സന്ദേശങ്ങളിലൂടെ ആയിരുന്നു ഇത്തരം ദുഷ്ടപ്രോഗ്രാമുകള്‍ പ്രചരിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ പ്രമുഖ ഈമെയില്‍ സംവിധാനങ്ങളെല്ലാം ഇത്തരം അപ്ലിക്കേഷനുകളെ തിരിച്ചറിയുകയും അവയെ അറ്റാച്ച്‌മെന്റ് ആയി അയയ്ക്കുന്നത് തടയുകയും ചെയ്യുന്നു. അതിനെ മറികടക്കാന്‍ ഹാക്കര്‍മാര്‍ മറ്റു ചില സൂത്രങ്ങള്‍ ഉപയോഗിക്കുന്നു. അതായത് ഇത്തരം ദുഷ്ടപ്രോഗ്രാമുകളെ ഏതെങ്കിലും ഫയല്‍ ഷെയറിംഗ് സൈറ്റുകളിലും മറ്റും അപ്‌ലോഡ് ചെയ്ത് ഈമെയിലിലൂടെയോ സുഹൃത് സന്ദേശങ്ങളിലൂടെയോ പ്രലോഭിപ്പിച്ച് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. 


ബ്രൗസര്‍ എക്സ്റ്റന്‍ഷന്‍ സ്പാം

വെബ് ബ്രൗസറുകളില്‍ എക്സ്റ്റന്‍ഷനുകളുടെ രൂപത്തില്‍ കടന്നുകൂടുന്ന സ്പാം സ്‌ക്രിപ്റ്റുകള്‍ ഉപയോക്താക്കള്‍ അറിയാതെ തന്നെ അവരുടെ അക്കൗണ്ടുകളില്‍ കടന്നു കയറുന്നു. പക്ഷേ, ഒന്നോര്‍ക്കുക. നിങ്ങളുടെ അനുവാദമില്ലാതെ ഒരു സ്പാംഎക്സ്റ്റന്‍ഷനും ബ്രൗസറില്‍ സ്വയമേവ ഇന്‍സ്റ്റാള്‍ ആകുന്നില്ല.

അടുത്ത കാലത്ത് ഫെയ്‌സ്ബുക്കില്‍ പെട്ടന്ന് പടര്‍ന്ന ഒരു സ്പാം ആയിരുന്നു, '99 ശതമാനം പേര്‍ക്കും ഈ വീഡിയോ ഇരുപത്തഞ്ചു സെക്കന്‍ഡില്‍ കൂടുതല്‍ കാണാന്‍ കഴിയില്ല' എന്ന തലക്കെട്ടോടെ സന്ദേശങ്ങളായും സ്റ്റാറ്റസ് അപ്‌ഡേറ്റുകളായും പ്രചരിച്ച സ്പാം. ഈ പാഴ്‌സന്ദേശം പ്രധാനമായി ഉപയോഗിച്ചത് മൂന്നു മാര്‍ഗങ്ങളാണ്. ഒന്ന് സ്പാം ഫെയ്‌സ്ബുക്ക് അപ്ലിക്കേഷന്‍, രണ്ട് ബ്രൗസര്‍ എക്സ്റ്റന്‍ഷന്‍ രൂപത്തില്‍, മൂന്ന് ഉപയോക്താക്കളെ ജാവാ സ്‌ക്രിപ്റ്റ് കോഡ് ബ്രൗസര്‍ അഡ്രസ് ബാറില്‍ പകര്‍ത്താന്‍ പ്രേരിപ്പിച്ച്.


ബ്രൗസര്‍ എക്സ്റ്റന്‍ഷനുകള്‍ ഗൂഗിള്‍ ക്രോം സ്‌റ്റോര്‍മോസില്ല ആഡോണ്‍ ഗാലറി തുടങ്ങിയ വെബ് ബ്രൗസറുകളുടെ ഔദ്യോഗിക സ്രോതസുകളില്‍ നിന്ന് മാത്രം ഇന്‍സ്റ്റാള്‍ ചെയ്ത് ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. കര്‍ശനമായ പരിശോധനകള്‍ക്കും നിബന്ധനകള്‍ക്കും വിധേയമായ സുരക്ഷിതമായ എക്സ്റ്റന്‍ഷനുകള്‍ മാത്രമേ ഔദ്യോഗിക എക്സ്റ്റന്‍ഷന്‍ ഗാലറികളില്‍ പ്രസിദ്ധീകരിക്കാറുള്ളു. മാത്രമല്ല, ഇവ സമയാ സമയങ്ങളില്‍ പുതുക്കപ്പെടുകയും ഉപയോക്താക്കളുടെ ബ്രൗസറുകളിലേക്ക് നേരിട്ട് എത്തുകയും ചെയ്യുന്നു.


ഫെയ്‌സ്ബുക്കില്‍ ഇല്ലാത്ത ഫീച്ചറുകള്‍ നല്‍കാമെന്നു വാഗ്ദാനം ചെയ്യുന്ന ബ്രൗസര്‍ എക്സ്റ്റന്‍ഷനുകള്‍, അവയുടെ സുരക്ഷയെക്കുറിച്ച് തീര്‍ച്ചയില്ലാതെ, മറ്റു സൈറ്റുകളില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാതിരിക്കുക.

ഫിഷിങ് എന്ന ചതി

അക്കൗണ്ടുകള്‍ കവര്‍ന്നെടുക്കാന്‍ ഏറ്റവും കൂടുതലായി ഉപയോഗിക്കപ്പെടുന്ന ഹീനമാര്‍ഗമാണ് ഫിഷിങ്. എന്താണ് ഫിഷിങ്? ഇത് ഒരുതരം ചൂണ്ടയിടല്‍ തന്നെ. അതായത് ഇരയ്ക്കുള്ളില്‍ ചൂണ്ടയൊളിപ്പിച്ച് മീന്‍പിടിയ്ക്കുന്ന പരമ്പരാഗത തന്ത്രത്തിന്റെ മറ്റൊരു രൂപം. ഫിഷിങ് എന്ന കബളിപ്പിക്കലിന് പല മാര്‍ഗങ്ങളും ഉപയോഗിക്കാറുണ്ട്. അവയില്‍ പ്രധാനം, ഫെയ്‌സ്ബുക്ക് ഉപയോക്താവാണ് ലക്ഷ്യമെങ്കില്‍, കെട്ടിലും മട്ടിലും ഒറ്റ നോട്ടത്തില്‍ ഫെയ്‌സ്ബുക്കെന്ന് തോന്നിക്കുന്ന വ്യാജ സൈറ്റിലേക്ക് ചാറ്റിങ്, ഈമെയില്‍ തുടങ്ങിയ മാര്‍ഗങ്ങളിലൂടെ ഉപയോക്താക്കളെ നയിക്കുക എന്നതാണ്. തുടര്‍ന്ന് ഫെയ്‌സ്ബുക്കെന്ന് തെറ്റിദ്ധരിച്ച് ഉപയോക്താക്കള്‍ രേഖപ്പെടുത്തുന്ന അക്കൗണ്ട് വിവരങ്ങള്‍ കൈക്കലാക്കുന്നു.

അണുബോംബ് വരെ നിര്‍മിക്കാനാവശ്യമായ വിവരങ്ങള്‍ ഇന്റര്‍നെറ്റിലൂടെ വിശദമായി ലഭ്യമാകുന്ന ഇക്കാലത്ത് ഒരു ഫെയ്‌സ്ബുക്ക് ഫിഷിങ് പേജുണ്ടാക്കുന്നത് എത്ര എളുപ്പമാണെന്നറിയാന്‍, 'ഒരു ഫെയ്‌സ്ബുക്ക് ഫിഷിങ് സൈറ്റ് എങ്ങിനെ നിര്‍മിക്കാം' എന്നൊന്ന് ഗൂഗിളില്‍ പരതി നോക്കിയാല്‍ മതി.


ഫിഷിങ് സൈറ്റുകള്‍ പല രൂപത്തിലും ഭാവത്തിലും പ്രത്യക്ഷപ്പെടുന്നുവെങ്കിലും, അതില്‍നിന്ന് രക്ഷപ്പെടാന്‍ ഉപയോക്താക്കള്‍ അല്‍പ്പം ശ്രദ്ധിച്ചാല്‍ മാത്രം മതി. നമ്മള്‍ ഒരു റോഡു മുറിച്ചു കടക്കുന്നതിന് മുന്‍പ് ഇരുവശങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ ശ്രദ്ധിക്കുന്ന അതേ ജാഗ്രത ലോഗിന്‍ വിവരങ്ങള്‍ നല്‍കുമ്പോഴും പാലിച്ചാല്‍ ഫിഷിങ് ഒരു പ്രശ്‌നമേ ആകില്ല. അതായത് ലോഗിന്‍ ചെയ്യുന്നതിനു മുന്‍പ് ബ്രൗസറിലെ അഡ്രസ് ബാറിലേക്ക് ഒന്നു കണ്ണോടിച്ച് facebook.com ല്‍ തന്നെയാണോ ലോഗിന്‍ ചെയ്യുന്നത് എന്നുറപ്പു വരുത്തുക. ഒറ്റ നോട്ടത്തില്‍ ഫെയ്‌സ്ബുക്ക് എന്നു തോന്നിപ്പിക്കുന്ന ഡൊമെയ്ന്‍ പേരുകള്‍ ഫിഷിങിനായി ഉപയോഗപ്പെടുത്താറുണ്ട് . facbook, faceb00k, faceb0ok, faceo0kതുടങ്ങിയവയെല്ലാം ഫെയ്‌സ്ബുക്കല്ലെന്ന് എടുത്തു പറയേണ്ടതില്ലല്ലോ. സ്വന്തം കമ്പ്യൂട്ടറാണ് ഉപയോഗിക്കുന്നതെങ്കില്‍ െേഫയ്‌സ്ബുക്ക് യു ആര്‍ എല്‍ ബുക്മാര്‍ക്ക് ചെയ്ത് ഉപയോഗിക്കുക.

ഓര്‍മിക്കുക ബ്രൗസര്‍ തുറന്ന് ഒരിക്കല്‍ 
ലോഗിന്‍ ചെയ്തു കഴിഞ്ഞാല്‍ ലോഗൗട്ട് ചെയ്യുന്നതുവരെ ഫെയ്‌സ്ബുക്ക് ഒരിക്കലും വീണ്ടും ലോഗിന്‍ പേജ് ദൃശ്യമാക്കുകയോ അക്കൗണ്ട് വിവരങ്ങള്‍ ആവശ്യപ്പെടുകയോ ചെയ്യാറില്ല.അതിനാല്‍, ഏതെങ്കിലും സൈറ്റിലെ ലിങ്കുകളിലൂടെ ഫെയ്‌സ്ബുക്ക് ലോഗിന്‍ പേജില്‍ എത്തിയാല്‍ ശ്രദ്ധിക്കുക അതൊരു ഫെയ്‌സ്ബുക്ക് ഫിഷിങ് സൈറ്റ് ആയേക്കാം.

ഡി എന്‍ എസ് സ്പൂഫിങ് 
വിദ്യകള്‍ ഉപയോഗിച്ചും, വിന്‍ഡോസ് കമ്പ്യൂട്ടറുകളിലെ ഹോസ്റ്റ് ഫയലില്‍ മാറ്റം വരുത്തിയും, ഉപയോക്താക്കളെ ഫിഷിങ് സൈറ്റുകളിലേക്ക് നയിക്കുന്ന മാര്‍ഗവും ഹാക്കര്‍മാര്‍ അവലംബിച്ചു കാണാറുണ്ട്. ഡി എന്‍ എസ് ചേഞ്ചര്‍ പോലെയുള്ള ദുഷ്ടപ്രോഗ്രാമുകള്‍ ചെയ്യുന്നതും ഇതു തന്നെയാണ്.

വ്യാജ ഫെയ്‌സ്ബുക്ക് ഈമെയില്‍ നോട്ടിഫിക്കേഷനുകള്‍: 
ഫെയ്‌സ്ബുക്കില്‍നിന്ന് വരുന്ന നോട്ടിഫിക്കേഷനുകളുടെ അതേ കെട്ടിലുംമട്ടിലുമുള്ള വ്യാജ ഈമെയില്‍ സന്ദേശങ്ങളിലൂടെ ഉപയോക്താക്കളെ ഫിഷിങ് സൈറ്റുകളിലേക്ക് നയിച്ച് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തുന്ന രീതി പരക്കെ ഉപയോഗപ്പെടുത്തുന്നുണ്ട്. അതിനാല്‍, അത്തരം ലിങ്കുകളെ തിരിച്ചറിയുക. നോട്ടിഫിക്കേഷനുകളെല്ലാം ഫെയ്‌സ്ബുക്ക് അക്കൗണ്ടിനകത്തു തന്നെ ലഭ്യമായതിനാല്‍, ലിങ്കുകളില്‍ (ഫെയ്‌സ്ബുക്കില്‍ നിന്നു തന്നെയുള്ളതായാലും) അമര്‍ത്തി ഫെയ്‌സ്ബുക്കിലേയ്ക്ക് പോകുന്ന ശീലം ഉപേക്ഷിക്കുക. മാത്രമല്ല, അത്തരം നോട്ടിഫിക്കേഷനുകളിലൂടെ ഫെയ്‌സ്ബുക്കിലേക്കു പോകുകയാണെങ്കില്‍, കുറഞ്ഞത് ഇതെങ്കിലും ചെയ്യുക. യഥാര്‍ത്ഥത്തില്‍ ഫെയ്‌സ്ബുക്ക് സൈറ്റില്‍ തന്നെയാണ് നിങ്ങള്‍ ലോഗിന്‍ വിവരങ്ങള്‍ നല്‍കുന്നതെന്ന് ബ്രൗസറിലെ അഡ്രസ് ബാറില്‍ നോക്കി ഉറപ്പു വരുത്തുക. ഫെയ്‌സ്ബുക്ക് നോട്ടിഫിക്കേഷന്‍ സന്ദേശങ്ങള്‍ facebookmail.com എന്ന വിലാസത്തില്‍ നിന്ന് മാത്രമേ ലഭിക്കുകയുള്ളു.

കീ ലോഗറുകളെന്ന കീറാമുട്ടികള്‍

വിന്‍ഡോസെവിടെയുണ്ടോ വൈറസ് അവിടെയുണ്ട് എന്ന് പൊതുവെ ആക്ഷേപിക്കാറുണ്ട്. വിസ്ത മുതലുള്ള വിന്‍ഡോസ് പതിപ്പുകള്‍ സുരക്ഷാപരമായി വളരെ മുന്നിലാണെങ്കിലും, ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റമെന്ന നിലയിലും അനായാസം കടന്നു കയറാം എന്നതിനാലും കമ്പ്യൂട്ടര്‍ കുറ്റവാളികള്‍ക്ക് ഏറ്റവും പ്രിയം വിന്‍ഡോസ് തന്നെ. ഇക്കാലത്ത് കമ്പ്യൂട്ടര്‍ സുരക്ഷയെക്കുറിച്ച് അവബോധമുള്ള മിക്കവരും തങ്ങളുടെ കമ്പ്യൂട്ടറുകളില്‍ ഏതെങ്കിലുമൊരു ആന്റീ വൈറസ് സോഫ്റ്റ്‌വേര്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കും. അതിനാല്‍ കീ ലോഗറുകള്‍ എന്ന വിഭാഗത്തില്‍ പെടുന്ന ദുഷ്ടപ്രോഗ്രാമുകള്‍ക്ക് അത്ര എളുപ്പത്തില്‍ ഒരു കമ്പ്യൂട്ടറില്‍ പ്രവര്‍ത്തിക്കാനാകില്ല. പക്ഷേ, നിങ്ങളുടെ പൂര്‍ണസമ്മതത്തോടെ ആന്റീവൈറസ്സ് അപ്ലിക്കേഷനുകളുടെ മുന്നറിയിപ്പ് മറികടന്ന് ഇത്തരമൊരു പ്രോഗ്രാം കമ്പ്യൂട്ടറില്‍ കയറിക്കൂടിയാലോ? അതിനുള്ള സാധ്യതകള്‍ കുറവല്ല.

ഉദാഹരണമായി, നിങ്ങള്‍ ഒരു സോഫ്റ്റ്‌വേറിന്റെ വ്യാജപതിപ്പിനായി ഇന്റര്‍നെറ്റില്‍ പരതുന്നു. ടോറന്റുകള്‍ വഴിയോ മറ്റു ഫയല്‍ ഷെയറിംഗ് സൈറ്റുകളില്‍ നിന്നോ ഇത്തരത്തില്‍ ലഭിക്കുന്ന ഒരു പ്രോഗ്രാം സാധാരണ പ്രോഗ്രാമുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന രീതിയില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നു. ഇത് യഥാര്‍ത്ഥ സോഫ്റ്റ്‌വേറിന്റെ വ്യാജ പതിപ്പാണോ അതോ മറ്റെന്തെങ്കിലും ദുഷ്ടപ്രോഗ്രാം ആണോ എന്ന് തിരിച്ചറിയാന്‍ പലപ്പോഴും വിഷമമാണ്. മാത്രമല്ല, ഇന്‍സ്റ്റാള്‍ ചെയ്തതിനു ശേഷം ഇത്തരം ചാര പ്രോഗ്രാമുകള്‍ക്ക് പ്രോഗ്രാമുകളുടെ ലിസ്റ്റില്‍ നിന്നും ടാസ്‌ക് മാനേജറില്‍ നിന്നും മറഞ്ഞിരിക്കാനുള്ള കഴിവുള്ളതിനാല്‍ പിന്നീട് കണ്ടെത്തുകയും എളുപ്പമല്ല. 


ഓഎസും മറ്റു പ്രോഗ്രാമുകളും ഏറ്റവും പുതിയ പതിപ്പായി പുതുക്കുന്നതും, നല്ല ഒരു ആന്റിവൈറസ് അപ്ലിക്കേഷന്‍ ഉപയോഗിക്കുന്നതും സുരക്ഷാപരമായി വളരെ പ്രാധാന്യമര്‍ഹിക്കുന്നു. 


സാധാരണ സോഫ്റ്റ്‌വേര്‍ കീ ലോഗറുകള്‍ ഇക്കാലത്ത് പൂര്‍ണമായും ഫലവത്താകാത്തതിനാല്‍ ഇപ്പോള്‍ വളരെയധികം പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ഒന്നാണ് 
ഹാര്‍ഡ്‌വേര്‍ കീ ലോഗറുകള്‍.


അതായത് കമ്പ്യൂട്ടറിനും കീബോര്‍ഡിനും ഇടയിലായി ഘടിപ്പിക്കുന്ന ചെറിയൊരു ഉപകരണം. അത് കീബോര്‍ഡില്‍ ടൈപ്പ് ചെയ്യുന്ന ഓരോ അക്ഷരവും അതിന്റെ മെമ്മറിയില്‍ സൂക്ഷിക്കുന്നു. ഇത്തരത്തില്‍ ശേഖരിക്കപ്പെടുന്ന വിവരങ്ങള്‍ ഒരു പ്രത്യേക രഹസ്യകോഡ് വഴി വീണ്ടെടുക്കാവുന്നതാണ്. സൈബര്‍ കഫേകള്‍, ഓഫീസുകള്‍ തുടങ്ങിയ ഇടങ്ങളിലെ പൊതുകമ്പ്യൂട്ടറുകളില്‍ വിവരങ്ങള്‍ ചോര്‍ത്താനായി ഇത്തരം ഹാര്‍ഡ്‌വേര്‍ കീ ലോഗറുകള്‍ ഉപയോഗിക്കാറുണ്ട്. ആന്റിവൈറസ് സോഫ്റ്റ്‌വേറുകള്‍ക്ക് ഓഎസിനോ ഇത്തരം ഹാര്‍ഡ്‌വേര്‍ കീ ലോഗറുകളെ തിരിച്ചറിയാനാകില്ല എന്നതും, ഒരു പ്രോഗ്രാമും കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതില്ല എന്നതുമാണ് കുറ്റവാളികള്‍ക്കും രഹസ്യാന്വേഷകര്‍ക്കും ഇത് പ്രിയങ്കരമാക്കുന്നത്. 

കൂബ് ഫേസ് എന്ന ഭീകരന്‍

കൂബ് ഫേസിനെക്കുറിച്ച് പ്രതിപാദിയ്ക്കാതെ ഫെയ്‌സ്ബുക്ക് സുരക്ഷയെക്കുറിച്ചുള്ള ലേഖനം പൂര്‍ണ്ണമാകില്ല. ഈ അടുത്ത കാലത്ത് രണ്ടാം വെബ്‌ലോകം കണ്ട ഏറ്റവും വലിയ അണുബാധയായിരുന്നു കൂബ് ഫേസ്. ഫെയ്‌സ്ബുക്കിലൂടെ പെട്ടന്ന് പടര്‍ന്നുപിടിച്ച ഒരു മള്‍ട്ടിപ്ലാറ്റ്‌ഫോം കമ്പ്യൂട്ടര്‍ ക്ഷുദ്രപ്രോഗ്രാമാണ് കൂബ് ഫേസ്. വിന്‍ഡോസ്, മാക്, ലിനക്‌സ് പ്ലാറ്റ്‌ഫോമുകളെയെല്ലാം കൂബ് ഫേസ് പക്ഷഭേദമില്ലാതെ ആക്രമിച്ചു.

കൂബ് ഫേസിന്റെ തന്ത്രങ്ങളെക്കുറിച്ച് അല്‍പ്പം വിവരങ്ങള്‍ : എല്ലാവിധ സാധ്യതകളും പഴുതുകളും ഉപയോഗപ്പെടുത്തിയാണ് കൂബ് ഫേസ് പ്ലേഗുപോലെ പടര്‍ന്നത്. ട്രോജന്‍ കുതിര, വൈറസ്, ബോട്ട്, റൂട്ട്കിറ്റ് ഇവയുടെയെല്ലാം സങ്കീര്‍ണ്ണമായ ഒരു സമന്വയം ആയിരുന്നു കൂബ് ഫേസ്. 


സോഷ്യല്‍ എഞ്ചിനീയറിങ് തന്ത്രങ്ങള്‍ ഉപയോഗിച്ച് ഒരു ട്രോജന്‍ കുതിരയായി ഉപയോക്താക്കളുടെ കമ്പ്യൂട്ടറിലേക്ക് കൂബ് ഫേസ് കടന്നുകയറി. ചിത്രത്തില്‍ കാണിച്ചിരിക്കുന്നതുപോലെയുള്ള സന്ദേശങ്ങളാണ് കൂബ് ഫേസ് പടരാന്‍ ഉപയോഗിച്ചത്.


കൂബ് ഫേസിന്റെ തന്ത്രങ്ങള്‍ക്കിരയായി 'മനോഹരമായ വീഡിയോ' കണ്ടാസ്വദിക്കാന്‍ ലഭിച്ച ലിങ്കില്‍ അമര്‍ത്തിയവര്‍, 'ഈ വീഡിയോ കാണണമെങ്കില്‍ അഡോബി ഫ് ളാഷ് പ്ലെയറിന്റെ പുതിയ പതിപ്പ് ഡൌണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക' എന്ന സന്ദേശം ദൃശ്യമാക്കുന്ന ഒരു വ്യാജസൈറ്റിലേയ്ക്ക് നയിക്കപ്പെട്ടു. ഫ് ളാഷ്‌പ്ലെയര്‍ എന്ന പേരില്‍ കൂബ് ഫേസ് വൈറസിനെ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുന്ന സ്ഥിതായാണ് അതുവഴിയുണ്ടായത്. ഉപയോക്താവിന്റെ പൂര്‍ണ അറിവോടെ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്ന ഒരു പ്രോഗ്രാം ആയതിനാല്‍ ഓപ്പറേറ്റിങ് സിസ്റ്റമോ ആന്റിവൈറസ് അപ്ലിക്കേഷനുകളോ ഇതിനെ ഒരു ദുഷ്ടപ്രോഗ്രാമായി തിരിച്ചറിയുന്നില്ല.


ഇത്തരത്തില്‍ കൂബ് ഫേസ് ബാധയേറ്റ കമ്പ്യൂട്ടറുകളില്‍ നിന്ന് ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സൗഹൃദക്കൂട്ടായ്മകളിലെ ലോഗിന്‍ വിവരങ്ങള്‍ (യൂസര്‍ നേം, പാസ്‌വേഡ് തുടങ്ങിയവ) ചോര്‍ത്തപ്പെട്ടു. ഫെയ്‌സ്ബുക്കുപോലെയുള്ള സൗഹൃദക്കൂട്ടായ്മകള്‍ ഉപയോഗപ്പെടുത്തിയത് ഈ വൈറസ് പടരാനുള്ള ഒരു മാധ്യമമായി മാത്രമാണ്. കൂബ് ഫേസ് ഒരു കൂട്ടം ക്ഷുദ്രപ്രോഗ്രാമുകളുടെ ഒരു കൂട്ടായ്മയായിരുന്നു. അതായത് ട്രോജന്‍ കുതിരയായി ഉപയോക്താക്കളുടെ കമ്പ്യൂട്ടറില്‍ കടന്നു കയറുന്ന ക്യൂബ് ഫേസ് ബ്രൗസര്‍ കുക്കീസ്, പാസ്‌വേഡുകള്‍ തുടങ്ങിയ വിവരങ്ങള്‍ സ്വയമേവ ക്യൂബ് ഫേസ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെര്‍വറിലേക്ക് അയയ്ക്കുന്നു. തുടര്‍ന്ന് സാഹചര്യങ്ങള്‍ക്കനുസരിച്ച് അനുയോജ്യമായ അനുബന്ധ ദുഷ്ടപ്രോഗ്രാമുകള്‍ മാത്രം പ്രസ്തുത കമ്പ്യൂട്ടറുകളിലേക്ക് പകര്‍ത്തുന്നു. മാത്രമല്ല, ടോറന്റുകളുടെതുപോലെയുള്ള പീര്‍ ടു പീര്‍ സംവിധാനത്തിലൂടെ കൂബ് ഫേസ് ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ട കമ്പ്യൂട്ടറുകള്‍ പരസ്പരം ബന്ധിക്കപ്പെടുകയും ചെയ്യുന്നു. ഇതിലൂടെ ഹാക്കര്‍മാര്‍ക്ക് ലക്ഷക്കണക്കിനു കമ്പ്യൂട്ടറുകള്‍ ഉള്‍പ്പെടുന്ന ഒരു ശൃംഖലയുടെ വിദൂരനിയന്ത്രണം സാധ്യമായി. ഇത്തരത്തിലുള്ള കമ്പ്യൂട്ടറില്‍ നിന്നുള്ള തിരച്ചില്‍ഫലങ്ങള്‍ നിക്ഷിപ്ത താത്പര്യങ്ങളുള്ള വ്യാജസൈറ്റുകളിലേക്ക് നയിക്കപ്പെട്ടു. ഫലമോ കുപ്രസിദ്ധമായ ക്യൂബ് ഫേസ് ഗാങ് വെറും ഒരു വര്‍ഷംകൊണ്ട് പരസ്യങ്ങളിലൂടെയും വ്യാജസോഫ്റ്റ്‌വേറുകളുടെ വില്‍പ്പനയിലൂടെയും കോടികകള്‍ നേടി.

വ്യത്യസ്ത ഓപ്പറേറ്റിങ് സിസ്റ്റങ്ങളെയും പ്രോഗ്രാമുകളെയും ലക്ഷ്യമാക്കിയ വിവിധ പതിപ്പുകള്‍ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ജനവരിയില്‍ ആലിബാബ ആന്‍ഡ് ഫോര്‍ എന്ന പേരില്‍ സ്വയം ഘോഷിക്കപ്പെട്ട റഷ്യക്കാരായ അഞ്ചംഗ കൂബ് ഫേസ് സംഘത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഫെയ്‌സ്ബുക്ക് അധികൃതര്‍ പുറത്തുവിട്ടിരുന്നു. കൂബ് ഫേസിന്റെ പ്രധാന നിയന്ത്രണകമ്പ്യൂട്ടര്‍ സംവിധാനം തകര്‍ക്കാന്‍ കഴിഞ്ഞെങ്കിലും അതിന്റെ പിന്നിലുള്ള ക്രിമിനല്‍ സംഘം രാജ്യാന്തര നിയമങ്ങളുടെ പഴുതുകള്‍ മുതലെടുത്ത് ഇന്നും സ്വതന്ത്രരാണ്. 


ഇവിടെ എടുത്തു പറയേണ്ട ഒരു കാര്യം വിന്‍ഡോസിനെ അപേക്ഷിച്ച് വളരെ സുരക്ഷിതമായ ലിനക്‌സ്, മാക്ക് ഓപ്പറേറ്റിങ് സിസ്റ്റങ്ങളെക്കൂടി ആക്രമിക്കാന്‍ കൂബ് ഫേസിനായി എന്നതാണ്. ക്രോസ് പ്ലാറ്റ്‌ഫോം അപ്ലിക്കേഷനായ 'ജാവ'യെ ആണ് കൂബ് ഫേസ് അതിനായി കൂട്ടുപിടിച്ചത്. ഒരു ജാവ അപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് പ്രവര്‍ത്തിപ്പിക്കാനാണ് ഉപയോക്താക്കളെ പ്രേരിപ്പിച്ചത്. പക്ഷേ, വിന്‍ഡോസില്‍ നിന്നും വ്യത്യസ്തമായി ലിനക്‌സില്‍ കൂബ് ഫേസിന്റെ പ്രവര്‍ത്തനം ഷട്ട് ഡൗണ്‍ ചെയ്യുന്നതുവരെ മാത്രമേ നിലനിന്നിരുന്നുള്ളൂ. 


ഘടനാപരമായ പ്രത്യേകതകളാല്‍ വിന്‍ഡോസിനേക്കാള്‍ കൂടുതല്‍ സുരക്ഷിതമായ ലിനക്‌സ്, മാക് ഓപ്പറേറ്റിങ് സിസ്റ്റങ്ങളില്‍ കൂബ് ഫേസിനെപ്പോലുള്ള ദുഷ്ട പ്രോഗ്രാമുകള്‍ കയറിക്കൂടുന്നത് ഉപയോക്താക്കളെ വിവിധ സോഷ്യല്‍ എഞ്ചിനീയറിങ് മാര്‍ഗങ്ങളിലൂടെ തെറ്റിദ്ധരിപ്പിച്ചു തന്നെയാണ്. 


ചുരുക്ക ലിങ്കുകളെ സൂക്ഷിക്കുക

പരക്കെ ഉപയോഗപ്പെടുത്തുന്ന ചുരുക്ക ലിങ്കുകളില്‍ പതിയിരിക്കുന്ന അപകടത്തെക്കുറിച്ചും ബോധമുണ്ടായാലേ തീരൂ. മിക്കവാറും എല്ലാ സ്പാം ലിങ്കുകളും യു ആര്‍ എല്‍ ഷോര്‍ട്ടനിങ് സങ്കേതങ്ങള്‍ ഉപയോഗിച്ച് ചുരുക്കിയതായിരിക്കും. ട്വിറ്ററിന്റെ 140 അക്ഷരങ്ങളുടെ പരിമിതി ചുരുക്ക ലിങ്കുകളുടെയും ലിങ്ക് ചുരുക്കല്‍ സേവനം നല്‍കുന്ന സൈറ്റുകളുടെയും പ്രചാരം പതിന്മടങ്ങായി. Tinyurl.com, Bit.ly, goo.gl തുടങ്ങിയവ വളരെ പ്രചാരമുള്ള ലിങ്ക് ചുരുക്കല്‍ സേവനങ്ങളാണ്.

ചുരുക്ക ലിങ്കുകളില്‍ അമര്‍ത്തുന്നതിന് മുമ്പ് അല്‍പ്പം ശ്രദ്ധിക്കുക. നിങ്ങള്‍ ക്രോം, ഫയര്‍ഫോക്‌സ് ബ്രൗസറുകളാണ് ഉപയോഗിക്കുന്നതെങ്കില്‍ ചുരുക്ക ലിങ്കുകള്‍ക്കകത്ത് എന്താണെന്ന് തിരിച്ചറിയാനുള്ള എക്സ്റ്റന്‍ഷനുകള്‍ ലഭ്യമാണ്. ഇവയില്‍ ചിലത് ചുവടെ - 


https://addons.mozilla.org/en-US/firefox/addon/long-url-please-mod/
 
https://addons.mozilla.org/en-US/firefox/addon/long-url-please/?version=0.3.0
 
https://addons.mozilla.org/en-US/firefox/addon/xpndit-short-url-expander/
 
https://addons.mozilla.org/en-US/firefox/addon/unshortenit/
 

ഗൂഗിള്‍ ക്രോം
 
https://chrome.google.com/webstore/detail/untiny/jfedggemhffifombjhggmjeollmlgpne
 
https://chrome.google.com/webstore/detail/unshortenit/lgmkbhnfldpklfakbcopgkkhonofficm
 
https://chrome.google.com/webstore/detail/view-thru/jkncfnbcgbclefkbknfdbngiegdppgdd
 

മിക്കവാറും എല്ലാ പ്രമുഖ വെബ്‌സൈറ്റുകളും യു ആര്‍ എല്‍ ചുരുക്ക സംവിധാനം ഉപയോഗിക്കുന്നതിനാല്‍ സ്പാം ലിങ്കുകളെ വേര്‍തിരിച്ചറിയാന്‍ ഇത്തരം ബ്രൗസര്‍ എക്സ്റ്റന്‍ഷനുകള്‍ സഹായിക്കുന്നു.
 

സ്‌ക്രിപ്റ്റുകള്‍ ബ്രൗസര്‍ അഡ്രസ് ബാറില്‍ പകര്‍ത്താതിരിക്കുക


സ്‌ക്രിപ്റ്റുകള്‍ ബ്രൗസറിന്റെ അഡ്രസ് ബാറില്‍ പകര്‍ത്താന്‍ ഉപയോക്താക്കളെ പ്രേരിപ്പിക്കുന്നതാണ് ചില സ്പാം അപ്ലിക്കേഷനുകളുടെ തന്ത്രം .


ഇത്തരത്തിലുള്ള ഒരു സ്‌ക്രിപ്റ്റ് ബ്രൗസര്‍ അഡ്രസ് ബാറിലേയ്ക്ക് പകര്‍ത്തുമ്പോള്‍ ഉപയോക്താക്കള്‍ യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത് ഒരു ജാവാസ്‌ക്രിപ്റ്റ് ബ്രൗസറില്‍ പ്രവര്‍ത്തിപ്പിക്കുക എന്നതാണ്. ഉപയോക്താവിന്റെ സമ്മതത്തോടെയല്ലാതെ സ്വയമേവ ഇത്തരം സ്‌ക്രിപ്റ്റുകള്‍ പ്രവര്‍ത്തിക്കാത്ത തരത്തിലുള്ള മുന്‍കരുതലുകള്‍ എല്ലാ ആധുനിക വെബ് ബ്രൗസറുകളിലുമുണ്ട്. പക്ഷേ, ഉപയോക്താക്കളെ കൊണ്ടുതന്നെ ഇത് മറികടക്കുക എന്ന തന്ത്രമാണ് ഹാക്കര്‍മാര്‍ വളരെ വിജയകരമായി അവലംബിക്കുന്നത്.

സ്‌ക്രിപ്റ്റുകള്‍ നിങ്ങളുടെ ഫെയ്‌സ്ബുക്ക് ബ്രൗസിങ് സെഷനില്‍ കടന്നുയറുകയും നിങ്ങളറിയാതെ സ്പാം സ്റ്റാറ്റസ് അപ്‌ഡേറ്റ് നടത്തുകയും അവ ന്യൂസ് ഫീഡിലൂടെ സുഹൃത്തുക്കളിലേക്ക് എത്തിയ്ക്കുകയും ചെയ്യുന്നു. പ്രത്യേകിച്ച് അപ്ലിക്കേഷനുകള്‍ ഒന്നും ഇന്‍സ്റ്റാള്‍ ചെയ്യപ്പെടാത്തതിനാല്‍ പലപ്പോഴും ഇവയെ പെട്ടന്ന് തിരിച്ചറിയാനാകില്ല. 


ലൈക്ക് ഹൈജാക്കിങ്

ഫെയ്‌സ്ബുക്ക് ലൈക്കുകള്‍ കുറുക്കുവഴിയിലൂടെ നേടാന്‍ ഉപയോഗിക്കുന്ന മാര്‍ഗമാണ് 'ക്ലിക്ക് ഹൈജാക്കിങ്'.ഫെയ്‌സ്ബുക്ക് ലൈക്ക് ബട്ടനുകളും ഷെയര്‍ ബട്ടനുകളും മിക്കവാറും എല്ലാ വെബ് സൈറ്റുകളും ഉപയോഗിക്കാറുണ്ട്. ലേഖനങ്ങളും ചിത്രങ്ങളും വീഡിയോകളുമെല്ലാം 'ലൈക്ക്' ചെയ്ത് ഫെയ്‌സ്ബുക്കില്‍ മറ്റു സുഹൃത്തുക്കളുമായി പങ്കുവെയ്ക്കാന്‍ ഇതുകൊണ്ടാകുന്നു. പക്ഷേ, ഒന്നു ചിന്തിച്ചു നോക്കുക. ഒരു അശ്ലീല വെബ്‌സൈറ്റില്‍ ഇത്തരം ഒരു ഫെയ്‌സ്ബുക്ക് ലൈക്ക് ബട്ടന്‍ എന്തെങ്കിലും ഫലം ചെയ്യുമോ? ഇത്തരം വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവര്‍ സാമാന്യബോധത്തോടെ അവ ഫേസ്ബുക്കില്‍ ലൈക്ക് ചെയ്യുകയോ പങ്കുവക്കുകയോ ഇല്ല. അതിനാല്‍ അത്തരത്തിലുള്ള അശ്ലീല വെബ്‌സൈറ്റുകളും സ്പാമര്‍മാരും ഉപയോഗിക്കുന്ന ഒരു കുതന്ത്രമാണ് 'ക്ലിക് ഹൈജാക്കിങ്'. അതായത് ഉപയോക്താക്കളെ കബളിപ്പിച്ച് ഫേസ്ബുക്ക് ലൈക്ക് ചെയ്യിക്കുക.

ഇതെങ്ങിനെ സാധ്യമാകുന്നു?
 

വെബ് സൈറ്റുകളില്‍ കാണുന്ന ഫെയ്‌സ്ബുക്ക് ലൈക്ക് ബട്ടന്‍ ഒരു സ്‌ക്രിപ്റ്റ് ആണ്. ഇവിടെ ഫെയ്‌സ്ബുക്ക് ലൈക് സ്‌ക്രിപിറ്റിനെ വിദഗ്ദമായി ഒരു വ്യാജ ബട്ടനിനടിയിലോ മൗസ് പോയിന്ററിനു കീഴിലായോ ഒളിപ്പിക്കുന്നു. അതായത് ഒരു വീഡിയോ പ്ലയറിന്റെ പ്ലേ ബട്ടന്‍ രൂപത്തിലോ സോഫ്റ്റ്‌വേര്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള ബട്ടന്‍ രൂപത്തിലോ. ഇത്തരം ബട്ടനുകളില്‍ ക്ലിക്ക് ചെയ്യുന്നവര്‍ ഒളിപ്പിച്ചുവെച്ച ഫെയ്‌സ്ബുക്ക് ലൈക്ക് ബട്ടനിലാണ് തങ്ങള്‍ അമര്‍ത്തുന്നതെന്ന് അറിയുന്നില്ല.


അറിഞ്ഞുകൊണ്ട് 'ലൈക്ക്' ചെയ്യാത്ത ഫെയ്‌സ്ബുക്ക് പേജില്‍നിന്ന് ന്യൂസ്ഫീഡ് അപ്‌ഡേറ്റുകള്‍ വരുന്നതെങ്ങിനെ എന്ന് അത്ഭുതപ്പെടുന്നവര്‍ ഉണ്ടായേക്കാം. ലൈക്ക് ഹൈജാക്കിന് ഇരയായവരാണ് ഇവരില്‍ അധികവും. ഇതിനെ ഒരു അക്കൌണ്ട് ഹാക്കിംഗ് ആയി തെറ്റിദ്ധരിയ്ക്കാതിരിയ്ക്കുക.
 

ലൈക്ക് ഹൈജാക്കിംഗ് എങ്ങിനെ തടയാം?

1. വെബ് ബ്രൗസറുകള്‍ എറ്റവും പുതിയ പതിപ്പായി പുതുക്കുക.
2. വിശ്വാസയോഗ്യമല്ലാത്ത സൈറ്റുകളും ലിങ്കുകളും ഫെയ്‌സ്ബുക്ക് ലോഗിന്‍ ചെയ്തിരിക്കുന്ന ബ്രൗസറില്‍നിന്ന് സന്ദര്‍ശിക്കാതിരിക്കുക. ആകാംഷയും കൗതുകവും അടക്കാനാകുന്നില്ലെങ്കില്‍ ലിങ്ക് പകര്‍ത്തി മറ്റൊരു ബ്രൗസറിലൂടെ പരിശോധിക്കാം. ഫെയ്‌സ്ബുക്ക് ലോഗിന്‍ ചെയ്തിട്ടുള്ള ബ്രൗസര്‍ ഒഴിവാക്കുക.
3. ഒരു മാന്യവ്യക്തിയില്‍നിന്ന് അശ്ലിലച്ചുവയുള്ള വീഡിയോയോ ചിത്രമോ ലിങ്കോ കാണപ്പെട്ടാല്‍ അതിനെ തിരിച്ചറിയുകയും അത്തരം ലിങ്കുകളില്‍ സന്ദര്‍ശിക്കാതെ 'സ്പാം' ആയി ഫെയ്‌സ്ബുക്കിനെയും പ്രസ്തുത സുഹൃത്തിനെ അറിയിക്കുകയും ചെയ്യുക.
4. ക്ലിക് ഹൈജാക്കിങും ഫിഷിങ് അറ്റാക്കും തിരിച്ചറിയുന്നതിനായി 'വോട്ട്' എന്ന ആഡോണ്‍ ഫെയ്‌സ്ബുക്ക് നിര്‍ദേശിക്കുന്നു.

'ഫെയ്‌സ്ബുക്ക് പോസ്റ്റ് ബൈ ഈമെയില്‍' ഫീച്ചര്‍ വഴിയുള്ള തട്ടിപ്പുകള്‍

ഫെയ്‌സ്ബുക്ക് സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍ ഈമെയില്‍ വഴി അപ്‌ഡേറ്റ് ചെയ്യാം എന്ന് അറിയാമോ? ഫെയ്‌സ്ബുക്ക് ലോഗിന്‍ ചെയ്യാതെ തന്നെ, ഈമെയില്‍ വഴി സ്റ്റാറ്റസ് അപ്‌ഡേറ്റുകളും ഫോട്ടോഷെയറിങും നടത്താനായി ഓരോ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉടമയ്ക്കും ഒരു രഹസ്യ ഈമെയില്‍ ഐഡീ ഫെയ്‌സ്ബുക്ക് നല്‍കിയിട്ടുണ്ട്. നിര്‍ഭാഗ്യകരമെന്നു പറയട്ടെ ഇതിനെക്കുറിച്ച് അറിവുള്ളവര്‍ വളരെ വിരളമാണ്.

ഫെയ്‌സ്ബുക്കില്‍ ലോഗിന്‍ ചെയ്തതിനു ശേഷം ഫെയ്‌സ്ബുക്ക് മൊബൈല്‍ സൈറ്റ് അപ്ലോഡ് യു ആര്‍ എല്‍ (
https://m.facebook.com/upload.php) സന്ദര്‍ശിച്ചാല്‍ ഈ രഹസ്യ ഈമെയില്‍ വിലാസം ലഭ്യമാകും. ചിത്രം ശ്രദ്ധിക്കുക.


ഈ രഹസ്യ ഫെയ്‌സ്ബുക്ക് മെയില്‍ ഐഡി പരസ്യമായാലുള്ള കുഴപ്പമൊന്ന് ചിന്തിച്ചു നോക്കുക. ഈ വിലാസം അറിയുന്ന ആര്‍ക്കും നിങ്ങളുടെ ഫെയ്‌സ്ബുക്ക് സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യാന്‍ ഈ വിലാസത്തിലേയ്ക്ക് ഒരു ഈമെയില്‍ അയയ്ക്കുകയേ വേണ്ടൂ.
അടുത്ത കാലത്തായി 'ഫേസ്ബുക്ക് ടീഷര്‍ട്ട് സ്പാം' ഈ വിദ്യയാണ് ഉപയോഗിച്ചത്. അതിനെക്കുറിച്ച് കൂടുതല്‍ ഇവിടെ വായിക്കാം.

അതിനാല്‍ ശ്രദ്ധിക്കുക എപ്പോഴെങ്കിലും ഏതെങ്കിലും വിദ്വാന്മാരുടെ കെണിയില്‍ വീണ് ഈ രഹസ്യ ഈമെയില്‍ പരസ്യമാക്കിയിട്ടുണ്ടെങ്കില്‍ അത് മാറ്റാന്‍ മറക്കരുത്.
 

കടന്നുകയറ്റം ഒഴിവാക്കാന്‍ ഫെയ്‌സ്ബുക്ക് സെക്വര്‍ ബ്രൗസിംഗ് ഉപയോഗിക്കുക

എയര്‍പോര്‍ട്ടിലേയും ഷോപ്പിങ് മാളുകളിലേയും സുരക്ഷിതമല്ലാത്ത സൗജന്യ വയര്‍ലെസ് ഇന്റര്‍നെറ്റ് സേവനം ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല. അല്പം ശ്രദ്ധിച്ചില്ലെങ്കില്‍ മിടുക്കന്മാര്‍ നിങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ കടന്നുകയറും. അതൊഴിവാക്കാന്‍ ഫെയ്‌സ്ബുക്ക് സെക്വര്‍ ബ്രൗസിംഗ് ഉപയോഗിക്കുക. ഇതുകൊണ്ടുള്ള പ്രധാന പ്രയോജനം നിങ്ങളുടെ കമ്പ്യൂട്ടറും ഫെയ്‌സ്ബുക്ക് സെര്‍വറും തമ്മിലുള്ള ആശയവിനിമയത്തിനിടയ്ക്ക് ആര്‍ക്കും കടന്നു കയറാനാവില്ല എന്നതു തന്നെ. സെക്വേഡ് സോക്കറ്റ് ലെയര്‍ (എസ് എസ് എല്‍) സങ്കേതം ഇന്റര്‍നെറ്റ് ട്രാഫിക്ക് സുരക്ഷിതമാക്കുന്നു. ഫെയ്‌സ്ബുക്കില്‍ ഇത് ഉപയോഗിക്കുന്നതിനായി അക്കൗണ്ട് സെറ്റിങ്‌സിലെ സെക്യൂരിറ്റി മെനു തെരഞ്ഞെടുത്ത് സെക്വര്‍ ബ്രൗസിംഗ് എനേബിള്‍ ചെയ്യുക.

https://www.facebook.com/settings?tab=securtiy 


സുരക്ഷിത ബ്രൗസിംഗ് ഉപയോഗിക്കുന്നതിനാല്‍ കുക്കീസ് സ്‌നിംഫിംഗ് മുതലായ വിദ്യകളുപയോഗിച്ച് നിങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലേക്ക് മറ്റുള്ളവര്‍ക്ക് കടന്നുകയറാനുള്ള പഴുത് അടയ്ക്കാം.


സാധാരണയായി നമ്മള്‍ ഫെയ്‌സ്ബുക്ക് പോലെയുള്ള ഒരു സൈറ്റില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ തന്നെ, യൂസര്‍നേമും പാസ്‌വേഡും മറ്റു വിവരങ്ങളും വെബ് സെര്‍വര്‍ എന്‍ക്രിപ്റ്റ് ചെയ്ത് അത് ഉപയോക്താവിന്റെ ബ്രൗസറില്‍ 'കുക്കീസ്' എന്ന പേരില്‍ സൂക്ഷിക്കുന്നു. സെര്‍വറും ബ്രൗസറും തമ്മിലുള്ള തുടര്‍ ആശയവിനിമയം സുഗമമാക്കാന്‍ കുക്കീസ് ഉപയോഗപ്പെടുത്തുന്നു. അതായത്, വീണ്ടും അതേ വെബ്‌സൈറ്റോ വെബ്‌സൈറ്റില്‍ നിന്നുള്ള പേജോ തുറക്കുമ്പോള്‍ അവശ്യമായി വരുന്ന ഒരു വിവരശേഖരണത്തിന്റെ ആവര്‍ത്തനം കുക്കീസ് വഴി ഒഴിവാക്കാന്‍ കഴിയുന്നു. ഒരു സൈറ്റില്‍ ലോഗിന്‍ ചെയ്‌തോ ലോഗൗട്ട് ചെയ്‌തോ എന്നു പരിശോധിക്കാന്‍ ഉപയോഗിക്കുന്നതാണ് 'ഓതന്റിക്കേഷന്‍ കുക്കീസ്'. ഒരു പ്രത്യേക സമയത്തേയ്ക്ക് മാത്രം നിലനില്‍ക്കുന്ന സെഷന്‍ കുക്കീസും ഉണ്ട്. അതായത് ഒരു നിശ്ചിത സമയത്തിനു ശേഷമോ ബ്രൗസര്‍ അടയ്ക്കുന്നതോടെയോ സെഷന്‍ കുക്കീസ് ബ്രൗസറില്‍ നിന്നും നീക്കം ചെയ്യപ്പെടുന്നു (ഉദഹാരണം: ബാങ്കിംഗ് സൈറ്റുകള്‍, ഫ്ലൈറ്റ്, ട്രെയിന്‍ റിസര്‍വേഷന്‍ സൈറ്റുകള്‍ )

സുക്ഷിതമല്ലാത്ത പൊതുവായ വയര്‍ലെസ് ഇന്റര്‍നെറ്റ് നിന്നും മറ്റു കമ്പ്യൂട്ടറുകളില്‍ നിന്നും കുക്കീസ് കവര്‍ന്നെടുക്കാന്‍ 'കുക്കീസ് മണക്കും ' പ്രോഗ്രാമുകള്‍ ഇന്റര്‍നെറ്റില്‍ സുലഭം. ഇത്തരത്തിലുള്ള ഒന്നും കുക്കീസ് കുത്തിവയ്ക്കാനുള്ള മറ്റൊരു സോഫ്റ്റ്‌വേറും ഉണ്ടെങ്കില്‍ അതേ നെറ്റ്‌വര്‍ക്കിലുള്ള മറ്റൊരാളുടെ ഓതന്റിക്കേഷന്‍ കുക്കീസ് കവര്‍ന്ന് ഫെയ്‌സ്ബുക്ക് അക്കൗണ്ടിലേയ്ക്ക് കടന്നു കയറാനാകും. ഇത് പ്രസ്തുത ഉപയോക്താവ് ബ്രൗസര്‍ അടയ്ക്കുന്നതുവരെയേ നില നില്‍ക്കൂ എങ്കിലും, അത്യാവശ്യം വിവരങ്ങള്‍ ചോര്‍ത്താനും കുഴപ്പങ്ങളുണ്ടാക്കാനും ആ സമയം തന്നെ ധാരാളം.
 

സുരക്ഷിതമായ ബ്രൗസിംഗ് ഉപയോഗിക്കുമ്പോള്‍ (എസ് എസ് എല്‍) കുക്കീസ് ആര്‍ക്കെങ്കിലും മോഷ്ടിക്കാന്‍ കഴിഞ്ഞാല്‍ തന്നെ സെര്‍വറിന്റെയും ബ്രൗസറിന്റെയും ഇടയിലുള്ള ട്രാഫിക്കില്‍ കടന്നു കയറാനാകില്ല.
 

ലോഗിന്‍ നോട്ടിഫിക്കേഷന്‍

നിങ്ങളുടെ ഫെയ്‌സുബുക്ക് അക്കൗണ്ട് പുതിയ ഒരു കമ്പ്യൂട്ടറില്‍ നിന്നോ മൊബൈല്‍ ഫോണില്‍ നിന്നോ ഉപയോഗിച്ചാല്‍ നിമിഷങ്ങള്‍ക്കകം അതിനെക്കുറിച്ചുള്ള വിവരം ഈമെയില്‍ ആയോ ടെക്സ്റ്റ് മെസേജ് ആയോ നിങ്ങളിലേക്ക് എത്തിക്കുന്നതാണ് ലോഗിന്‍ നോട്ടിഫിക്കേഷന്‍ ഫീച്ചര്‍. അക്കൗണ്ടുകളിലേക്കുള്ള കടന്നുകയറ്റം വളരെ പെട്ടന്ന് തിരിച്ചറിയാനും തടയാനും ഇതുമൂലം കഴിയുന്നു.


ഫെയ്‌സ്ബുക്ക് അക്കൗണ്ടിനോടു കൂടി നിങ്ങളുടെ മൊബൈല്‍ നമ്പര്‍ ചേര്‍ക്കാന്‍ മറക്കാതിരിക്കുക. സുരക്ഷാപരമായി വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണിത്. മൊബൈല്‍ നമ്പര്‍ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലേയ്ക്ക് ചേര്‍ക്കാനുള്ള സൗകര്യം അക്കൗണ്ട് സെറ്റിങ്‌സിലെ മൊബൈല്‍ ടാബില്‍ ലഭ്യമാണ് (https://www.facebook.com/settings?tab=mobile

ഫെസ്ബുക്കിലുമുണ്ട് ആന്റിവൈറസ് അപ്ലിക്കേഷനുകള്‍

പ്രശസ്ത ആന്റിവൈറസ് നിര്‍മ്മാതാക്കള്‍ ഫെയ്‌സ്ബുക്ക് സുരക്ഷയ്ക്കായും ചില അപ്ലിക്കേഷനുകള്‍ വികസിപ്പിച്ചിട്ടുണ്ട്.നോര്‍ട്ടണ്‍ വെബ് സേഫ്ബിറ്റ് ഡിഫെന്‍ഡര്‍ സേഫ് ഗോ തുടങ്ങിയവ അവയില്‍ ചിലതാണ്.



ഇത്തരം അപ്ലിക്കേഷനുകള്‍ നിങ്ങള്‍ പരസ്യപ്പെടുത്തിയ ലിങ്കുകള്‍ അവരുടെ സെര്‍വറുകളില്‍ സൂക്ഷിച്ചിരിക്കുന്ന യഥാസമയം പുതുക്കപ്പെടുന്ന വിവരങ്ങളുമായി ഒത്തുനോക്കി ഒരു പരിധിവരെ സംരക്ഷണം തരുന്നു. 

ഫെയ്‌സ്ബുക്ക് അക്കൗണ്ട് പൂര്‍ണമായും ഹാക്ക് ചെയ്യപ്പെട്ടാല്‍ വീണ്ടെടുക്കാന്‍

ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നു എന്നുറപ്പായാല്‍, അതായത് യൂസര്‍ ഐഡിയും പാസ്‌വേഡും നല്‍കി ഫെയ്‌സ്ബുക്ക് അക്കൗണ്ടിലേയ്ക്ക് കടക്കാനാകുന്നില്ലെങ്കില്‍. http://www.facebook.com/hacked എന്ന ലിങ്കില്‍ പോയി ആവശ്യമായ വിവരങ്ങള്‍ നല്‍കി അക്കൗണ്ട് വീണ്ടെടുക്കാം.


ആദ്യപടിയായി 'Yes my account is compromised' എന്ന ലിങ്കില്‍ അമര്‍ത്തുക. തുടര്‍ന്ന് അക്കൗണ്ട് തിരിച്ചറിയാനുള്ള വിവരങ്ങള്‍ ലഭിക്കും (സാധാരണ പാസ്‌വേഡ് റീസെറ്റ് ചെയ്യുമ്പോള്‍ ലഭിക്കുന്ന അതേ സ്‌ക്രീന്‍ തന്നെ).


ഇവിടെ നിങ്ങള്‍ക്ക് ഫെയ്‌സ്ബുക്ക് ലോഗിന്‍ ചെയ്യുന്ന ഈമെയില്‍ വിലാസം, ഫെയ്‌സ്ബുക്ക് യൂസര്‍ നേം, ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ ചേര്‍ത്തിരിക്കുന്ന ഫോണ്‍ നമ്പര്‍, പ്രൊഫൈല്‍ വെബ് അഡ്രസ് (യു ആര്‍ എല്‍) എന്നിവയില്‍ ഏതെങ്കിലും ചേര്‍ത്തോ അഥവാ പേരു വിവരങ്ങളും സുഹൃത്തിന്റെ പേരും ചേര്‍ത്തോ അക്കൗണ്ട് വീണ്ടെടുക്കാന്‍ ശ്രമിക്കാം. ഈ പേജില്‍ വിവരങ്ങള്‍ നല്‍കുമ്പോള്‍ നല്‍കിയ വിവരങ്ങളുമായി പൊരുത്തപ്പെടുന്ന അക്കൗണ്ടുകള്‍ തിരിച്ചറിയുന്നതിനായി ഫെയ്‌സ്ബുക്ക് ദൃശ്യമാക്കുന്നു.

ശ്രദ്ധിക്കുക പേരു വിവരങ്ങളും സുഹൃത്തിന്റെ പേരുമാണ് ഉപയോഗിക്കുന്നതെങ്കില്‍ സുഹൃത്തിന്റെ പേരായി വളരെ സാധാരണയായി കാണുന്ന ഒരു പേര് ഉപയോഗിക്കാതിരിക്കുക. ഉദാഹരണമായി നിങ്ങളുടെ പേര് 'രാജേഷ്' ആണെങ്കില്‍ സുഹൃത്തുക്കളുടെ ലിസ്റ്റില്‍ ഉള്ള സാധാരണ പേരില്‍ നിന്നും എന്തെങ്കിലും വ്യത്യാസമുള്ള ഒരു സുഹൃത്തിന്റെ പേര് ഓര്‍ത്തെടുത്ത് ചേര്‍ക്കുക.


ദൃശ്യമാക്കിയ ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ നിങ്ങളുടെ നഷ്ടപ്പെട്ട അക്കൗണ്ടുമുണ്ടെങ്കില്‍ 'ഇതെന്റെ അക്കൗണ്ട്' എന്ന ലിങ്കില്‍ അമര്‍ത്തി അക്കൗണ്ട് റിക്കവറി പേജിലേക്ക് പോകാം. തുടര്‍ന്നു ലഭിക്കുന്ന നിങ്ങളുടെ നിലവിലെ ഫെയ്‌സ്ബുക്ക് പാസ്‌വേഡോ പഴയ ഏതെങ്കിലും പാസ്‌വേഡോ നല്‍കി അക്കൗണ്ട് വീണ്ടെടുക്കാനുള്ള അടുത്തപടിയിലേക്ക് കടക്കാവുന്നതാണ്.


ഇവിടെ നിങ്ങള്‍ നല്‍കിയ വിവരം ശരിയാണെങ്കില്‍ താഴെ കൊടുത്തിരിക്കുന്നതു പോലെയുള്ള ഒരു സ്‌ക്രീന്‍ കാണാനാകും. തുടര്‍ന്ന് ഫെയ്‌സ്ബുക്ക് നിര്‍ദ്ദേശിക്കുന്ന സുരക്ഷാ ക്രമീകരണങ്ങളിലൂടെ അക്കൗണ്ട് വീണ്ടെടുക്കാവുന്നതാണ്.


ഇനി നിങ്ങള്‍ നല്‍കിയ പഴയ പാസ്‌വേഡുകള്‍ ഒന്നും ശരിയല്ലെങ്കിലോ? മറ്റു മുന്നറിയിപ്പുകളൊന്നുമില്ലാതെ നേരെ സാധാരണ കാണാറുള്ള പാസ്‌വേഡ് റിക്കവറി പേജിലെത്തും. പ്രസ്തുത പേജില്‍ രണ്ടു റിക്കവറി ഒപ്ഷനുകളായിരിക്കും കാണാന്‍ കഴിയുക.


അതായത് നിങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടുമായി ബന്ധപ്പെട്ടിട്ടുള്ള ഏതെങ്കിലും ഈമെയില്‍ വിലാസത്തിലേയ്‌ക്കോ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേയ്‌ക്കോ പാസ്‌വേഡ് റീസെറ്റ് ചെയ്യാനാവശ്യമായ ഒരു അടയാളവാക്യം ഫെയ്‌സ്ബുക്ക് അയയ്ക്കുന്നു. അടുത്തപടിയായി ഈ അടയാള വാക്യം നിശ്ചിതസ്ഥാനത്ത് രേഖപ്പെടുത്തി പുതിയ പാസ്‌വേഡ് നല്‍കി ഫെയ്‌സ്ബുക്ക് അക്കൗണ്ട് പ്രവേശനം സാധ്യമാകുന്നു.

ശ്രദ്ധിക്കുക, തുടര്‍ന്ന് അക്കൗണ്ട് സെറ്റിങ്‌സ് പേജില്‍ പോയി മറ്റേതെങ്കിലും ഈമെയില്‍ അക്കൗണ്ടുകളോ മൊബൈല്‍ നമ്പറുകളോ നിങ്ങളുടെ അക്കൗണ്ടില്‍ ചേര്‍ക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് നീക്കം ചെയ്യാന്‍ മറക്കരുത് (ഈമെയില്‍ അക്കൗണ്ട് വിവരങ്ങളറിയാന്‍ ഫെയ്‌സ്ബുക്ക് ലോഗിന്‍ ചെയ്തതിനു ശേഷം 
https://www.facebook.com/settings?tab=account§ion=email&view എന്ന ലിങ്ക് സന്ദര്‍ശിക്കുക)

ഇനി ഇപ്പറഞ്ഞ ഈമെയില്‍ വിലാസങ്ങള്‍ നഷ്ടമാവുകയോ, ഹാക്കര്‍ ഈ വിലാസം മാറ്റുകയോ, മൊബൈല്‍ നമ്പര്‍ നിലവിലാതുള്ള അവസ്ഥയോ ഉണ്ടായാല്‍?
 കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകും. എങ്കിലും ആശ കൈവിടാറായിട്ടില്ല. കാരണം നിങ്ങള്‍ക്ക് നിങ്ങളുടെ അക്കൗണ്ട് തിരിച്ചറിയാന്‍ കഴിയുന്നുണ്ട്. ഇനി അത് ഫെയ്‌സ്ബുക്കിനെ അത് നിങ്ങളുടെ തന്നെ അക്കൗണ്ട് ആണെന്ന് ബോധ്യപ്പെടുത്തണം. അതിനായി പാസ്‌വേഡ് റീസെറ്റ് വിന്‍ഡോയുടെ താഴെ ഇടതുഭാഗത്തുള്ള'No longer have access to these?' ലിങ്കില്‍ അമര്‍ത്തി അക്കൗണ്ട് അവകാശപ്പെടാനുള്ള പുതിയ ഈമെയില്‍ വിലാസം നല്‍കാം.


തുടര്‍ന്ന് നിങ്ങളുടെ ഫെയ്‌സ്ബുക്ക് സെക്യൂരിറ്റി ചോദ്യത്തിന് ഉത്തരം നല്‍കി പാസ്‌വേഡ് റീസെറ്റ് ചെയ്യാവുന്നതാണ്.


സാധാരണയായി പലരും ഓര്‍ത്തുവയ്ക്കാത്ത ഒന്നാണ് സെക്യൂരിറ്റി ചോദ്യം. അതിന്റെ ഉത്തരം ഓര്‍ക്കുന്നില്ലെങ്കില്‍? 
ഫെയ്‌സ്ബുക്ക് സെക്യൂരിറ്റി ചോദ്യത്തിനു ഒരു പ്രത്യേകതയുണ്ട്. സാധാരണയായി സെക്യൂരിറ്റി ചോദ്യവും ഉത്തരവും ഫേസ്ബുക്ക് അക്കൗണ്ടുമായി ഒരേ ഒരു പ്രാവശ്യം മാത്രമേ ചേര്‍ക്കാനാവൂ. അതായത് ഒരു പ്രാവശ്യം ഇത് ക്രമീകരിച്ചാല്‍ പിന്നീട് സാധാരണ മാര്‍ഗങ്ങളിലൂടെ സെക്യൂരിറ്റി ചോദ്യവും ഉത്തരവും മാറ്റാനാകില്ല. ഫെയ്‌സ്ബുക്ക് സെക്യൂരിറ്റി മെനുവില്‍ ആണ് സുരക്ഷാ ചോദ്യം ചേര്‍ക്കുന്നതിനുള്ള ലിങ്ക് ലഭിക്കുക. അക്കൗണ്ടില്‍ സുരക്ഷാചോദ്യവും ഉത്തരവും ക്രമീകരിച്ചിട്ടുണ്ടെങ്കില്‍ ഈ ലിങ്ക് കാണാന്‍ സാധിക്കുകയില്ല.

അടുത്ത പടിയായി ഫെയ്‌സ്ബുക്ക് അക്കൗണ്ട് വീണ്ടെടുക്കാനായി ഫോണിലൂടെയും മറ്റു മാര്‍ഗങ്ങളിലൂടെയും ബന്ധപ്പെടാവുന്ന മൂന്ന് അടുത്ത ഫെയ്‌സ്ബുക്ക് സുഹൃത്തുക്കളുടെ സഹായം തേടാം.



അതിനായി ഫെയ്‌സ്ബുക്ക് ചില രഹസ്യ കോഡുകളും അക്കൗണ്ട് വീണ്ടെടുക്കാനുള്ള വിവരങ്ങളും നിങ്ങളുടെ തെരഞ്ഞെടുത്ത മൂന്നു സുഹൃത്തുക്കള്‍ക്ക് അയയ്ക്കുന്നു. അവരില്‍ നിന്നും ടെലിഫോണിലൂടെയോ നേരിട്ടോ ഇവ ശേഖരിച്ച് നഷ്ടപ്പെട്ട അക്കൗണ്ട് വീണ്ടെടുക്കാം. സുരക്ഷാകാരണങ്ങളാല്‍ ഇതിന് 24 മണിക്കൂര്‍ സമയം ആവശ്യമാണ്. ഇതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഈ പേജില്‍ ലഭ്യമാണ്.

ശ്രദ്ധിയ്ക്കുക: 
സുഹൃത്തുക്കളിലൂടെയുള്ള പാസ്‌വേഡ് റിക്കവറി മാര്‍ഗങ്ങള്‍ എല്ലാ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളിലും ലഭിക്കണമെന്നില്ല. മാത്രമല്ല 'വിശ്വാസമുള്ള സുഹൃത്തുക്കളുടെ' പട്ടിക ഫെയ്‌സ്ബുക്ക് നല്‍കുന്നത് ഫെയ്‌സ്ബുക്കില്‍ അവരുമായുള്ള ആശയ വിനിമയത്തിന്റെയും ഇടപെടലിന്റെയും അടിസ്ഥാനത്തിലായിരിക്കും. ഫെയ്‌സ്ബുക്ക് 'ലിസ്റ്റ്' ഫീച്ചര്‍ ഉപയോഗപ്പെടുത്തി കുടുംബാംഗങ്ങളെ പ്രത്യേകം അടയാളപ്പെടുത്തുന്നത് ഈ പട്ടികയില്‍ അവരെ ലഭിക്കാന്‍ ഉപകരിക്കും.

അപരിചിതരുമായി ചങ്ങാത്തം കൂടുന്നതിനു മുന്‍പ് ശ്രദ്ധിക്കുക. ഈ അക്കൗണ്ട് റിക്കവറി മാര്‍ഗം ദുരുപയോഗം ചെയ്ത് നിങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യാന്‍ കഴിയും. 


ഫെയ്‌സ്ബുക്ക് നോട്ടിഫിക്കേഷനുകള്‍

'നിങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ ആരോ കടന്നുകയറാന്‍ ശ്രമിച്ചിരിക്കുന്നു' എന്ന രീതിയിലുള്ള മുന്നറിയിപ്പ് സന്ദേശങ്ങള്‍ ഫേസ്ബുക്കില്‍ നിന്നും ലഭിച്ചാല്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ല. കാരണം ഇതിനര്‍ത്ഥം നിങ്ങളുടെ അക്കൗണ്ട് നഷ്ടമായി എന്നല്ല. ഈ സന്ദേശം പല കാരണങ്ങള്‍കൊണ്ട് വരാം. മാത്രമല്ല, നിങ്ങളുടെ ഈ മെയില്‍ വിലാസത്തിലേക്കു തന്നെ മുന്നറിയിപ്പു സന്ദേശം എത്തിയിരിക്കുന്നതിനാല്‍ അക്കൗണ്ട് കൈവിട്ടു പോയിട്ടില്ല എന്ന് അര്‍ഥമാക്കാം.

ടൈപ്പ് ചെയ്തതുമൂലമുള്ള പിഴവുകൊണ്ടോ മറ്റോ ആരെങ്കിലും നിങ്ങളുടെ ഫെയ്‌സ്ബുക്ക് ലോഗിന്‍ ഈമെയില്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യാന്‍ ശ്രമിച്ചാലും ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ ലഭിച്ചേക്കാം. 


മൊബൈല്‍ ബ്രൗസറുകളില്‍ നിന്നും നിങ്ങള്‍ തന്നെ ഫെയ്‌സ്ബുക്ക് ഉപയോഗിച്ചാലും ഇത്തരത്തില്‍ ചിലപ്പോള്‍ മുന്നറിയിപ്പ് സന്ദേശം ലഭിച്ചേക്കാം. കാരണം മൊബൈല്‍ ബ്രൗസറുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതിനായി പേജുകള്‍ തങ്ങളുടെ വിദൂര സെര്‍വറുകളിലൂടെ കടത്തിവിട്ട് മൊബൈല്‍ ബ്രൗസിംഗിന് ഉതകും വിധം ചുരുക്കിയാണ് നിങ്ങളിലേയ്‌ക്കെത്തിക്കുന്നത്. പ്രസ്തുത ബ്രൗസറുകളുടെ സെര്‍വര്‍ ലോക്കേഷന്‍ വിദേശരാജ്യങ്ങളിലായതിനാല്‍, നിങ്ങളുടെ അക്കൗണ്ട് മറ്റാരോ ഉപയോഗിച്ചതായി തെറ്റായ മുന്നറിയിപ്പ് നല്‍കാറുണ്ട്. ഒപ്പേറാ മിനി തുടങ്ങിയ മൊബൈല്‍ ബ്രൗസറുകളില്‍ ഇത് പതിവായിരുന്നെങ്കിലും ഇപ്പോള്‍ ഫെയ്‌സ്ബുക്ക് ഈ കുഴപ്പം തിരിച്ചറിയുന്നുണ്ട്. പക്ഷേ, താരതമ്യേന പുതിയ ഒരു മൊബൈല്‍ ബ്രൗസര്‍ പരീക്ഷിക്കുന്നതിനു മുന്‍പ് ഇതിനെക്കുറിച്ച് ബോധവാന്മാരായിരിക്കുന്നത് നന്നായിരിക്കും.
 

കുടുംബാംഗങ്ങളില്‍ പലരും ഫെയ്‌സ്ബുക്ക് അക്കൗണ്ട് വിവരങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. മാത്രമല്ല ഒരേ സമയത്ത് വ്യത്യസ്ത കമ്പ്യൂട്ടറുകളില്‍ നിന്നും ഉപയോഗിക്കാറുമുണ്ട്. ഇത് ഒരേ ഇന്റര്‍നെറ്റ് കണക്ഷനില്‍ നിന്നോ അടുത്തടുത്ത പ്രദേശങ്ങളില്‍ നിന്നോ ആയാല്‍ കുഴപ്പമില്ല. പക്ഷേ, ഒരേസമയം ദൂര്യവ്യത്യാസമുള്ള രണ്ട് ഇടങ്ങളില്‍ നിന്നായി ഇത്തരത്തില്‍ ഒരേ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്താല്‍ ചിലപ്പോള്‍ അത് ഫെയ്‌സ്ബുക്ക് സുരക്ഷാ സംവിധാനങ്ങള്‍ ഹാക്കിങ് ആയി തെറ്റിദ്ധരിച്ച് നോട്ടിഫിക്കേഷന്‍ മെയില്‍ അയയ്ക്കാറുണ്ട്. അതിനാല്‍, പരിഭ്രാന്തരാകുന്നതിനു മുന്‍പ് ഇത്തരം സാഹചര്യങ്ങള്‍ കൂടി വിലയിരുത്തുക.
 

ഏതെങ്കിലും ഹാക്കര്‍ ഫിഷിങിലൂടെയോ മറ്റു സോഷ്യല്‍ എഞ്ചിനീയറിങ് മാര്‍ഗ്ഗങ്ങളിലൂടെയോ അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തി നിങ്ങളുടെ അക്കൗണ്ടില്‍ പ്രവേശിയ്ക്കുകയും പാസ്‌വേഡ് മാറ്റാന്‍ ശ്രമിക്കുകയും ചെയ്താല്‍ അതും ഒരു നൊട്ടിഫിക്കേഷനായി നിങ്ങളുടെ ഈ മെയില്‍ അക്കൗണ്ടില്‍ എത്തും.


നിങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ മറ്റാരോ കടന്നു കയറാന്‍ ശ്രമിച്ചതായോ പാസ്‌വേഡ് മാറ്റിയതായോ നോട്ടിഫിക്കേഷന്‍ ലഭിച്ചാല്‍


ഒരു മുന്‍കരുതല്‍ എന്ന നിലയില്‍ പ്രസ്തുത നൊട്ടിഫിക്കേഷന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യാതെ ബ്രൗസറില്‍ ഫെയ്‌സ്ബുക്ക് അഡ്രസ് ടൈപ്പ് ചെയ്ത് ലോഗിന്‍ ചെയ്യുക. നിങ്ങളുടെ പാസ്‌വേഡ് ശരിയാകുന്നില്ലെങ്കില്‍ പാസ്‌വേഡ് റിക്കവറി സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി അക്കൗണ്ടില്‍ പ്രവേശിക്കുക. 


ഇതിനെത്തുടര്‍ന്ന് ആദ്യപടിയായി ചെയ്യേണ്ടത് ഫെയ്‌സ്ബുക്ക് സെക്യൂരിറ്റി സെറ്റിങ്‌സിലുള്ള ആക്റ്റീവ് സെഷന്‍സ് പേജിലേക്കു ചെന്ന് - അതിനായി ഈ ലിങ്ക് സന്ദര്‍ശിയ്ക്കുക
 
https://www.facebook.com/settings?tab=securtiy§ion=sessions&view 
)

മറ്റേതെങ്കിലും അസ്വാഭാവികമായ മൊബൈല്‍ അപ്ലിക്കേഷനുകളോ ബ്രൗസര്‍ സെഷനുകളോ ഉണ്ടെങ്കില്‍ അത് ഉടന്‍ 
'End Activtiy' ലിങ്കില്‍ അമര്‍ത്തി അവസാനിപ്പിക്കുക.


അടുത്ത പടിയായി അക്കൗണ്ട് സെറ്റിങ്‌സില്‍ പോയി മറ്റേതെങ്കിലും ഈമെയില്‍ വിലാസങ്ങള്‍ നിങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടുമായി കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടുണ്ടോ എന്നു പരിശോധിക്കുക. ഇത്തരത്തില്‍ നിങ്ങളുടേതല്ലാത്ത ഈമെയില്‍ വിലാസങ്ങള്‍ ഏതെങ്കിലുമുണ്ടെങ്കില്‍ അത് ഉടന്‍ നീക്കംചെയ്യുക.


ഫെയ്‌സ്ബുക്ക് അക്കൗണ്ടിലേയ്ക്കുള്ള പ്രവേശനം സാധ്യമാവുകയും അക്കൗണ്ടില്‍ നിന്നും സ്വയമേവ പാഴ് സന്ദേശങ്ങളും സ്റ്റാറ്റസ് അപ്‌ഡേറ്റുകളും സുഹൃത്തുക്കളിലേയ്ക്ക് എത്തുന്നുവെങ്കില്‍ -


ഇത് സാധാരണയായി മുന്‍പ് സൂചിപ്പിച്ചതു പോലെ ഏതെങ്കിലും സ്പാം അപ്ലിക്കേഷനുകളുടെ വികൃതികളാകാനുള്ള സാധ്യതയാണ് കൂടുതല്‍. ബ്രൗസറുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ട എക്സ്റ്റന്‍ഷനുകള്‍ ഫെയ്‌സ്ബുക്ക് സെഷനുകള്‍ ഹൈജാക്ക് ചെയ്ത് നിങ്ങളറിയാതെത്തന്നെ പാഴ് സന്ദേശങ്ങള്‍ അയയ്ക്കുന്നതുമാകാം. 


1. ഇന്റര്‍നെറ്റ് ബ്രൗസറിലെ ഓഫ് ലൈന്‍ ഹിസ്റ്ററിയും കുക്കീസും പൂര്‍ണമായും നീക്കം ചെയ്യുക.
 
2. ഫെയ്‌സ്ബുക്ക് ലോഗിന്‍ ചെയ്ത് അക്കൗണ്ട് സെറ്റിങ്‌സില്‍ പോയി ആക്ടീവ് സെഷനുകള്‍ പരിശോധിച്ച് അസ്വാഭാവികമായവ അവസാനിപ്പിക്കുക.
3. അപ്ലിക്കേഷന്‍ സെറ്റിങ്‌സില്‍ പോയി സ്പാം അപ്ലിക്കേഷനുകള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അവ നീക്കം ചെയ്യുക. (https://www.facebook.com/settings?tab=applications)
4. ഫെയ്‌സ്ബുക്ക് പാസ്‌വേഡ് പുതുക്കുക.
5. വെബ് ബ്രൗസറുകളില്‍ എന്തെങ്കിലും സ്പാം അപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാളായിട്ടുണ്ടെങ്കില്‍ അവ നീക്കംചെയ്യുക. ഗൂഗിള്‍ ക്രോമില്‍ chrome://chrome/extensions/ എന്നും ഫയര്‍ഫോക്‌സില്‍ മbout:addons എന്നും ബ്രൗസറിന്റെ അഡ്രസ് ബാറില്‍ ടൈപ്പ് ചെയ്താല്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ട എക്സ്റ്റന്‍ഷനുകളുടെ പട്ടിക ലഭ്യമാകും.
6. കമ്പ്യൂട്ടറില്‍ എന്തെങ്കിലും ദുഷ്ടപ്രോഗ്രാമുകള്‍ കയറിയിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ നല്ലൊരു ആന്റിവൈറസ് അപ്ലിക്കേഷന്‍ ഉപയോഗിച്ച് സ്‌കാന്‍ ചെയ്യുക.

ഫെയ്‌സ്ബുക്ക് അക്കൗണ്ട് റിക്കവറി മാര്‍ഗങ്ങള്‍ തന്നെ ഹാക്കിങിനായി ഉപയോഗിയ്ക്കപ്പെടാം

നിര്‍ഭാഗ്യകരമെന്നുതന്നെ പറയട്ടെ മേല്‍പ്പറഞ്ഞ അക്കൗണ്ട് വീണ്ടെടുക്കല്‍ മാര്‍ഗങ്ങള്‍ തന്നെ ഹാക്കര്‍മാര്‍ ഹാക്കിങിനായി പരക്കെ ഉപയോഗപ്പെടുത്താറുണ്ട്. ഹാക്കര്‍ നിങ്ങളുടെ സുഹൃദ് വലയത്തിലുള്ളയാളും നിങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നവനും ആണെങ്കില്‍ ഈ മാര്‍ഗം കൂടുതല്‍ എളുപ്പമാണ്. അതിനാല്‍ സ്വകാര്യവിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ പരസ്യമാക്കാതിരിക്കുകയും അപരിചിതരുമായി പങ്കുവയ്ക്കാതിരിക്കുകയും ചെയ്യുക.


അപരിചിതരായ സുഹൃത്തുക്കളെ ഫെയ്‌സ്ബുക്ക് ലിസ്റ്റ് ഫീച്ചര്‍ ഉപയോഗിച്ച് അപരിചിതരായിത്തന്നെ വേര്‍തിരിക്കുക.

ഫേസ്ബുക്ക് സുരക്ഷ ഒറ്റനോട്ടത്തില്‍
 
1. ആവശ്യമില്ലാത്ത അവസരത്തില്‍ ഫെയ്‌സ്ബുക്കില്‍ നിന്ന് ലോഗൗട്ട് ചെയ്യുക.
2. ഫെയ്‌സ്ബുക്കിനും അനുബന്ധ ഈമെയില്‍ വിലാസങ്ങള്‍ക്കും ഒരേ പാസ്‌വേഡ് ഉപയോഗിക്കാതിരിക്കുക.
3. ലളിതമായ പാസ്‌വേഡുകള്‍ ഉപയോഗിക്കാതിരിക്കുകയും ഇടയ്ക്കിടെ പുതുക്കുകയും ചെയ്യുക.
4. വിന്‍ഡോസ് കമ്പ്യൂട്ടറാണ് ഉപയോഗിക്കുന്നതെങ്കില്‍ നല്ലൊരു ആന്റിവൈറസ് അപ്ലിക്കേഷന്‍ ഉപയോഗിക്കുകയും ഓപ്പറേറ്റിങ് സിസ്റ്റം ഏറ്റവും പുതിയ പതിപ്പായി പുതുക്കുകയും ചെയ്യുക.
5. ബ്രൗസറുകളുടെ പുതിയ പതിപ്പ് ഉപയോഗിക്കുക. എക്സ്റ്റന്‍ഷനുകള്‍ ബ്രൗസറുകളുടെ ഔദ്യോഗിക സൈറ്റുകളില്‍ നിന്നും മാത്രം ഇന്‍സ്റ്റാള്‍ ചെയ്യുക.
6. സ്‌ക്രിപ്റ്റുകള്‍ ബ്രൗസര്‍ അഡ്രസ് ബാറില്‍ പകര്‍ത്താതിരിക്കുക.
7. യൂസര്‍ ഐഡിയും പാസ്‌വേഡും നല്‍കുന്നത് ഫെയ്‌സ്ബുക്കില്‍ തന്നെയാണെന്ന് അഡ്രസ് ബാര്‍ നോക്കി ഉറപ്പുവരുത്തുക.
8. ഫെയ്‌സ്ബുക്ക് അപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനു മുന്‍പ് അവയ്ക്കു നല്‍കുന്ന അനുവാദങ്ങള്‍ പരിശോധിക്കുക.
9. അപരിചിതരുമായി സ്വകാര്യ വിവരങ്ങള്‍ പങ്കുവയ്ക്കാതിരിക്കുക.
10. പൊതു കമ്പ്യൂട്ടറുകളിലും മറ്റും ഒരു തവണത്തേയ്ക്കു മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന വണ്‍ ടൈം പാസ്‌വേഡ് ഉപയോഗിയ്ക്കുക.
11. ഫെയ്‌സ്ബുക്ക് സുരക്ഷിത ബ്രൗസിംഗ് ഫീച്ചര്‍ ഉപയോഗിയ്ക്കുക.
12. സുഹൃത്തുക്കളില്‍ നിന്നും വരുന്ന അസ്വാഭാവികമായ സന്ദേശങ്ങളിലെ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാതിരിക്കുക.
13. ചുരുക്ക ലിങ്കുകളെ സൂക്ഷിക്കുക.
14. ഫെയ്‌സ്ബുക്ക് അക്കൗണ്ടുമായി മൊബൈല്‍ നമ്പര്‍ കൂടി ബന്ധിക്കുക. ഇത് അക്കൗണ്ട് വീണ്ടെടുക്കല്‍ പ്രക്രിയ എളുപ്പമാക്കുന്നു.
15. ഫെയ്‌സ്ബുക്ക് 'അക്കൗണ്ട് ആക്റ്റിവിറ്റി' ഇടയ്ക്കിടെ പരിശോധിക്കുക.
16. സ്പാം ലിങ്കുകളും സന്ദേശങ്ങളും റിപ്പോര്‍ട്ടിങ് ഫീച്ചര്‍ ഉപയോഗിച്ച് ഫെയ്‌സ്ബുക്കിനെ അറിയിക്കുക.



                           --------------------------------------------------------------------------------------------